ചങ്ങല കൊണ്ട് ബന്ധിച്ച് ഹെൽമറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. അദ്ദേഹത്തിന്റെ കൈ അക്രമികൾ തല്ലിയൊടിച്ചു. ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾക്ക് സമാനമായ എന്തോ കെട്ടിവെച്ചതായും പരാതിയുണ്ട്

തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവും സഹോദരനും നേരിട്ടത് ക്രൂരമർദ്ദനം.വടശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം വിളിച്ചുവരുത്തി കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് കെട്ടിയിട്ടു മര്‍ദിച്ചത്. സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നു. കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം അനില്‍കുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പണി തീരാത്ത കെട്ടിടം. ഇവിടെ എത്തിയപ്പോള്‍ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകള്‍ ചേര്‍ത്തുകെട്ടി. നിർമ്മാണം നടക്കുന്ന ഈ വീടിനുള്ളിൽ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ. ഫൈബർ, ഗ്ലാസ് വാതിലുകളടക്കം സൗണ്ട് പ്രൂഫ് മുറി തയാറാക്കി അതിനുള്ളിലിട്ട് മർദിക്കുകയായിരുന്നു.

ചങ്ങല കൊണ്ട് ബന്ധിച്ച് ഹെൽമറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. അദ്ദേഹത്തിന്റെ കൈ അക്രമികൾ തല്ലിയൊടിച്ചു. ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾക്ക് സമാനമായ എന്തോ കെട്ടിവെച്ചതായും പരാതിയുണ്ട്. പിന്നീട് പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി മർദിച്ചു. അമ്മയെക്കൂടി എത്തിച്ചില്ലെങ്കിൽ അനിൽകുമാറിനെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ മകൻ അവിടെനിന്ന് രക്ഷപെട്ടെന്നും അമ്മയെ വിവരം അറിയിച്ച് ജനപ്രതിനിധികൾ വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. സുധീഷിൻ്റെ സുഹൃത്തുക്കൾ ഇവരെ മർദ്ദിക്കുമ്പോൾ ഇത് കാണാൻ സി സി ടിവി സംവിധാനവും ഒരുക്കിയിരുന്നു.

വർക്കല പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ചങ്ങലയിൽ ബന്ധിക്കപ്പെട്ട് പരിക്കേറ്റ നിലയിലായിരുന്ന അനിൽകുമാറിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സമീപവാസികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കായി കിളിമാനൂർ - വർക്കല പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരടക്കം പ്രതികളുണ്ടെന്നും ഇവരാണ് ഒളിസങ്കേതമൊരുക്കിയതെന്നും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം