
കാസര്‍കോട്: കാസർകോട് കടലിൽ ചാടിയ പോക്സോ കേസ് പ്രതിക്കായി ഒരാഴ്ചയായി തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. കസബ കടപ്പുറത്ത് ഇന്നും കോസ്റ്റൽ പൊലീസ്, ഫിഷറീസ്, മുങ്ങൽ വിദഗ്ധർ എന്നിവരുടെ സംഘം തിരച്ചിൽ നടത്തി. രണ്ട് ദിവസത്തിനകം ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ തെരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതി കുട്ലു സ്വദേശി മഹേഷ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ കടലിൽ ചാടിയത്. കൂട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് പൊലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോട് കൂടി കടലിൽ ചാടിയത്. പുലിമൂട്ടിൽ ഒളിപ്പിച്ച ഫോൺ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്.
യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്കൂബ സംഘത്തിലെ മുങ്ങൽ വിദഗ്ധരടക്കം ദിവസങ്ങളോളം കടലിൽ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. നാളെയോ മറ്റന്നാളോ നേവി ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തെരച്ചിൽ തുടരുമെന്ന് കാസർകോട് ടൊൺ പൊലീസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ നിലവിൽ കടലിൽ പോകാത്തതിനാൽ ആഴക്കടലിൽ നിരീക്ഷണ സാധ്യതയും ഇല്ല. അതേസമയം മഹേഷിനെ കാണാതായതിൽ ദുരൂഹത ഉണ്ടെന്നും ചട്ടങ്ങൾ ലംഘിച്ച് ആണ് വിലങ്ങ് വെച്ചതെന്നും ആരോപിച്ച് പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam