കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ പിടിയില്‍, കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പൊലീസ്

By Web TeamFirst Published Jan 6, 2020, 12:16 PM IST
Highlights

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെയും സമൂഹമാധ്യമങ്ങള്‍ വഴി കണ്ടവരെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് 

കോയമ്പത്തൂര്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അസം സ്വദേശിയായ റെന്‍റ ബസുമദാരി (23),  തമിഴ്നാട് സ്വദേശിയായ സത്യമൂര്‍ത്തി (25) എന്നിവരെയാണ് കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും രണ്ട് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. 

പൊള്ളാച്ചി - പാലക്കാട് റോഡില്‍ ഒരു ടൈല്‍സ് കടയില്‍ ജോലിക്കാരനായ റെന്‍റ ബസുമദാരിയുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണും അശ്ലീല ചിത്രങ്ങളും കണ്ടെടുത്തു. പൊള്ളാച്ചി വനിതാ പൊലീസാണ് ഫോണ്‍ പിടിച്ചെടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. 

പല്ലാപാളയത്തെ സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിലെ ഡ്രൈവറാണ് സത്യമൂര്‍ത്തി. സോഷ്യല്‍മീഡിയ സെല്‍ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. 219 ഏപ്രിലില്‍ ഇയാള്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെയും സമൂഹമാധ്യമങ്ങള്‍ വഴി കണ്ടവരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഐപി വിലാസം ഉപയോഗിച്ച് ഇവരെ കുടുക്കുമെന്നും പൊലീസ് അറിയിച്ചു. 

click me!