കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപൂത്തി, എന്നീ മൂന്ന് പേരും ഇവരുടെ ഒരു സുഹൃത്തും ചേർന്നാണ് ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ചത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കൊടും ക്രൂരത. ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് സംഘം ചേർന്ന് 23കാരനെ കമ്പി വടി ഉപയോ​ഗിച്ച് ആക്രമിച്ചു. യുവാവിന്റെ പകുതി മീശയും മുടിയും നാല് പേരടങ്ങുന്ന സംഘം വടിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപൂത്തി, എന്നീ മൂന്ന് പേരും ഇവരുടെ ഒരു സുഹൃത്തും ചേർന്നാണ് ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ചത്. കമുകിൻതോട് ഉളള ഒഴിഞ്ഞ വീട്ടില‍് എത്തിച്ച് യുവാവിനോട് പ്രതികള്‍ ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. ഇതിന് വിസ്സമ്മതിച്ചതോടെ കൈയും കാലും കെട്ടിയിട്ട് വിവസ്ത്രനാക്കി മർദ്ദിക്കുകയായിരുന്നു. കമ്പി വടികൊണ്ട് യുവാവിനെ കൈക്കും കാലിനും പുറത്തും അടിച്ച് സംഘം പരിക്കേല്‍പ്പിച്ചു. രാത്രി മുഴുവൻ തുടർച്ചയായി മർദ്ദിച്ചു. സാരമായി പരിക്കേറ്റ യുവാവ് രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് കുടുംബം ആക്രമണ വിവരം അറിഞ്ഞത്.

സംഭവത്തില് നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് യുവാവിനെ ആക്രമിച്ച നാല് പേരുമെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള‍് പ്രതികള്‍ക്കെതിരെ ഉണ്ടെന്നാണ് വിവരം.