ലൈസന്‍സില്ലാതെ ഡ്രൈവിംഗ്, വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Nov 2, 2020, 6:43 AM IST
Highlights

ഓദ്യോഗിക കൃത്യനി‍ർവഹണം തടസ്സപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനുമാണ് ഹുസൈൻ ഷഫീക്കിനെതിരെ ഒറ്റപ്പാലം പൊലീസ്  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 

പാലക്കാട്: മോട്ടോർ വാഹനവകുപ്പിന്‍റെ രാത്രികാല പരിശോധന തടസ്സപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ. ഹുസൈൻ ഷഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

മൂന്ന് ദിവസം മുൻപ് ഒറ്റപ്പാലം പത്തിരിപ്പാലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയാണ് കേസിനാസ്പദമായ സംഭവം. മങ്കര ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാവിനെ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചു. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ വാഹനമോടിച്ചത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 10000 രൂപ പിഴ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇത് അനുസരിക്കാതെ മണ്ണൂർ പഞ്ചായത്തംഗവും കോൺഗ്രസ്സ് നേതാവുമായ ഹുസൈൻ ഷഫീക്കിനെ യുവാവ് വിളിച്ചു വരുത്തി. 

പിന്നീട് നാട്ടുകാരും ഇവരോടൊപ്പം കൂടി ഒരു മണിക്കോറോളം കൃത്യ നിർവ്വഹണം തടസ്സെപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ഒറ്റപ്പാലം പോലീസെത്തിയാണ് നഗരത്തിൽ തടിച്ചുകൂടിയ ആളുകളെ പിരിച്ച് വിട്ടത്. നടപടിയെടുക്കാതിരിക്കാൻ ഉദ്യോഗസ്ഥർ കൈകൂലി ആവശ്യപ്പെട്ടെന്നും ഇതോടെയാണ് താൻ പ്രകോപിതനായതെന്നുമാണ് പ്രതി ചേർക്കപ്പെട്ട ഹുസൈൻ ഷഫീക്കിന്‍റെ വാദം. 

ഓദ്യോഗിക കൃത്യനി‍ർവഹണം തടസ്സപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനുമാണ് ഹുസൈൻ ഷഫീക്കിനെതിരെ ഒറ്റപ്പാലം പൊലീസ്  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അറസ്റ്റിലാകുമെന്ന് കണ്ടതോടെ പ്രതി ഹുസൈൻ ഷഫീക്ക് ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.
 

click me!