
കൊല്ലം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതികളെ കാണാൻ വന്ന സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. കൊല്ലം സെപെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് കിളികൊല്ലൂർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പൊലീസിൽ നിന്നും തനിക്കും സഹോദരനും ക്രൂര മർദ്ദനമാണേറ്റതെന്ന് കൊറ്റങ്കര സ്വദേശിയായ വിഘ്നേഷ് പറഞ്ഞു.
ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറയുന്ന കഥ. എന്നാൽ യഥാർഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകാശ് ചന്ദ്രൻ തന്നെ ഇവരെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്. ഒപ്പം എംഡിഎംഎ കേസ് പ്രതികളുമായി ചേർത്ത് വ്യാജ കേസ് ചമക്കലും.
മർദ്ദനവും വ്യാജ കേസും രണ്ട് യുവാക്കളുടെ ജീവിതമാണ് തകർത്തത്. സൈനികനായ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. പൊലീസ് കോൺസ്റ്റബിൾ ടെസ്റ്റിന്റെ ശാരീരിക പരീക്ഷക്ക് ഒരുങ്ങിയിരുന്ന വിഘ്നേഷിന് ഇന്നും ശരീര വേദന കൊണ്ട് നേരെ നടക്കാൻ പോലും കഴിയുന്നില്ല. കൊല്ലം സെപെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കിളികൊല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സിപിഒ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam