മലപ്പുറത്ത് വന്‍ ലഹരി വേട്ട; ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

By Web TeamFirst Published Apr 5, 2019, 11:53 PM IST
Highlights

ലഹരി മാഫിയ സംഘങ്ങളുടെ പുത്തൻ പരീക്ഷണമായ മൾട്ടി പായ്ക്കിംഗ് രീതിയിലാണ് പ്രതി ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്.

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പൊലീസിന്‍റെ ലഹരി വേട്ട. ഹാഷിഷ് ഓയിലുമായി വളാഞ്ചേരി സ്വദേശി പൊലീസ് പിടിയില്‍. അവധിക്കാലത്ത് ഡിജെ പാർട്ടികളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന ഹാഷിഷാണ് പിടികൂടിയത്.

വളാഞ്ചേരി ആതവനാട് സ്വദേശി ഷനൂഫാണ് ഹാഷിഷ് ഓയിലുമായി പൊലീസിന്‍റെ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ലഹരി മാഫിയ സംഘങ്ങളുടെ പുത്തൻ പരീക്ഷണമായ മൾട്ടി പായ്ക്കിംഗ് രീതിയിലാണ് പ്രതി ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. പുറമെ നിന്ന് സംശയം തോന്നാതിരിക്കാൻ പല ഡപ്പികളായി ഹാഷിഷ് നിറയ്ക്കും. പിന്നീട് പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടുപോകുന്നതാണ് മൾട്ടി പായ്ക്കിംങ് രീതി. ലക്ഷങ്ങൾ വിലവരുന്ന ഹാഷിഷാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്.

അവധിക്കാലത്ത് യുവാക്കളെ ലക്ഷ്യമിട്ടാണ് ലഹരി മരുന്ന് കൊണ്ടുവരുന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രധാനമായും വടക്കൻ കേരളത്തിലെ ഡിജെ പാർട്ടികളിൽ വിൽക്കുകയാണ് ഉദ്ദേശ്യം. കേരളത്തിലേക്ക് ഹാഷിഷ് ഓയിൽ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷനൂഫെന്ന് പൊലീസ് പറഞ്ഞു. മാഫിയാ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് ഇയാളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

click me!