ആ വാട്ട്സ്ആപ്പ് സന്ദേശത്തിന് പിന്നാലെ സ്റ്റേഷനില്‍ തൂങ്ങി പൊലീസുകാരന്‍; രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്.!

By Web TeamFirst Published Sep 27, 2022, 3:28 AM IST
Highlights

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളിൽ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് കൊയിലാണ്ടി സ്വദേശിയായ ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചത്. 

കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥന്‍റെ ആത്മഹത്യാശ്രമം. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് മേലുദ്യോഗസ്ഥന്‍റെ സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശമിട്ട ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ റൂറൽ എസ് പിക്ക് പരാതി നൽകാനൊരുങ്ങുകയാണ് പൊലീസ് അസോസിയേഷൻ

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളിൽ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് കൊയിലാണ്ടി സ്വദേശിയായ ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനം മൂലമുളള സമ്മർദ്ദം കഠിനമാണെന്നും ജോലി കളയുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് വഴിയെന്നും സഹപ്രവർത്തകരുളള വാട്സ് ആപ് ഗ്രൂപ്പിൽ ഇദ്ദേഹം ശബ്ദ സന്ദേശമിട്ടു. തുടർന്നാണ് തൂങ്ങിമരിക്കാനൊരുങ്ങിയത്. 

ഈ സന്ദേശം കേട്ട സഹപ്രവർത്തകർ മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി സഹകരണ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ഇദ്ദേഹം ഡ്യൂട്ടിക്കെത്താൻ വൈകിയിരുന്നു. ഇതെത്തുടർന്ന് ഇൻസ്പെക്ടർ ഇദ്ദേഹത്തിന് മെമ്മോയും നൽകിയിരുന്നു. 

ഇതിൽ ഇദ്ദേഹത്തിന് മാനസിക വിഷമമുണ്ടായെന്നാണ് സഹപ്രവർത്തകർ നൽകുന്ന വിവരം. ഇതിന്മേലുളള പ്രകോപനമാകാം ആത്മഹത്യാശ്രമമെന്നാണ് വിവരം. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വടകര ഡിവൈഎസ്പി ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങളെടുത്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ പൊലീസുദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

 

click me!