കൊല്ലത്ത് നാല് മണിക്കൂറിനുള്ളിൽ ആറിടങ്ങളിൽ മോഷണം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

By Web TeamFirst Published Oct 2, 2019, 9:10 PM IST
Highlights

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം.

കൊല്ലം: കൊല്ലം നഗരത്തില്‍ നാലു മണിക്കൂറിനിടെ ആറിടങ്ങളില്‍ നിന്നായി മാലകൾ മോഷ്ടിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ബൈക്കിലെത്തി കവര്‍ച്ച നടത്തിയശേഷം കാറിലാണ് സംഘം കടന്നതെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. ആറ് വീട്ടമ്മമാര്‍ക്കാണ് മാല നഷ്ടമായത്. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.  പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് റയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍റുകളിലും പൊതു സ്ഥലങ്ങളിലും കവര്‍ച്ച സംഘത്തിനായി ലുക്കൗട്ട് നോട്ടീസ് പതിച്ചത്. 

Read Also: നാല് മണിക്കൂറിൽ ആറിടങ്ങളിൽ മോഷണം; മാല മോഷ്ടാക്കളെ പേടിച്ച് കൊല്ലം നഗരം

മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരാണെന്നാണ് പൊലീസ് പറയുന്നത്. തോക്കുചൂണ്ടിയാണ് കവർച്ച നടത്തിയതെന്ന് മാല നഷ്ടമായവരില്‍ ചിലര്‍ മൊഴി നൽകിയിരുന്നു. എന്നാല്‍ ഇത് തോക്കല്ല , ഡ്രില്ലിങ് യന്ത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി കവര്‍ച്ച നടത്തിയശേഷം ടൗണ്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച ബൈക്കും ഹൈല്‍മെറ്റും അന്നു തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. എസിപി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 

click me!