1700 പേജ്, 140 സാക്ഷികള്‍; അധ്യാപികയുടെ കൊലപാതകത്തില്‍ സഹ അധ്യാപകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

By Web TeamFirst Published Apr 16, 2020, 11:49 PM IST
Highlights

ലോക്ക്ഡൗണ്‍ കാരണം കോടതി പ്രവര്‍ത്തിക്കാത്തതിനാല്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേകാനുമതിയോടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കുറ്റപത്രവും അനുബന്ധ രേഖകളും കൈമാറിയത്.
 

മഞ്ചേശ്വരം: മിയാപദവില്‍ സ്‌കൂള്‍ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സഹഅധ്യാപകന്‍ വെങ്കട്ട രമണ, സഹായി നിരഞ്ജന്‍ കുമാര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. രൂപശ്രീ വെങ്കട്ട രമണയില്‍ നിന്നും അകലാന്‍ തുടങ്ങിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ലോക്ക്ഡൗണ്‍ കാരണം കോടതി പ്രവര്‍ത്തിക്കാത്തതിനാല്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേകാനുമതിയോടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കുറ്റപത്രവും അനുബന്ധ രേഖകളും കൈമാറിയത്. ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം രണ്ടു ദിവസം കഴിഞ് മഞ്ചേശ്വരം കൊയിപ്പാടി കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.

മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപികയായിരുന്നു രൂപശ്രീ. ഇതേ സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ വെങ്കട്ടരമണയാണ് കൊലപാതക കേസിലെ മുഖ്യപ്രതി. രൂപശ്രീയും വെങ്കട്ട രമണയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. ഇതില്‍ നിന്നും രൂപശ്രീ അകലാന്‍ തുടങ്ങിയെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. 16 ന് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന വ്യാജേന വെങ്കട്ട രമണതന്നെ രൂപശ്രീയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് മുമ്പേ പ്രതി കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സഹായത്തിനായി കൂട്ടുകാരനും ഡ്രൈവറുമായ നിരജ്ഞനെ നേരത്തെ വീട്ടിലെത്തിച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് വീടിനകത്തെ കുളിമുറിയിലെ ഡ്രമ്മില്‍ മുക്കിയാണ് രൂപശ്രീയെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിലിട്ടു. മംഗളൂരുവില്‍ വിവാഹത്തിന് പോയി മടങ്ങുകയായിരുന്ന ഭാര്യയെ വെങ്കിട്ട രമണ ഇതേകാറില്‍ ഹൊസങ്കടിയില്‍നിന്ന് കൂട്ടി വീട്ടിലാക്കിയശേഷം പല ഇടത്തും ചുറ്റിക്കറങ്ങി രാത്രി 10-ഓടെ കണ്വതീര്‍ഥ കടപ്പുറത്തെത്തി മൃതദേഹം കടലില്‍ തള്ളി. 1700 പേജുള്ള കുറ്റപത്രത്തില്‍ 140 പേരെ സാക്ഷികളാക്കിയിട്ടുണ്ട്. മൃതദേഹം കടലില്‍ താഴ്ത്താന്‍ കൊണ്ടുപോയ കാര്‍, രൂപശ്രീയുടെ ബാഗ്, ബാഗിനകത്ത് ഉണ്ടായിരുന്ന വസ്ഥുക്കള്‍, ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, കൊലപ്പെടുത്താനുപയോഗിച്ച വീപ്പ തുടങ്ങിയവ തൊണ്ടിമുതലുകളാണ്. സംഭവം നടന്ന് മൂന്ന് മാസത്തിനകം കുറ്റപത്രം നല്‍കിയതിനാല്‍ വിചാരണ കഴിയാതെ പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയില്ല. ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍നിന്ന് രൂപശ്രീയുടെ മുടിയിഴകളും മറ്റും കണ്ടെടുത്തിരുന്നു. ഇതാണ് നിര്‍ണായക തെളിവ്.
 

click me!