കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: കല്ലറ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

By Web TeamFirst Published Oct 2, 2019, 10:43 PM IST
Highlights

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്.

കോഴിക്കോട്: ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുക്കുന്നു. ഇതിനുള്ള അനുമതി ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നല്‍കി. വെള്ളിയാഴ്ച കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. ശക്തമായ പൊലീസ് കാവലിലാവും കല്ലറ തുറന്നുള്ള പരിശോധന.

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് വെള്ളിയാഴ്ച തുറന്ന് പരിശോധന നടത്തുക. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ കല്ലറ തുറക്കാനാണ് തീരുമാനം. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചു. ആര്‍ഡിഒയുടെ  അനുവാദവും ക്രൈബ്രാഞ്ച് സംഘം നേടിയിട്ടുണ്ട്.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്താന്‍ ക്രൈംബാഞ്ചിന് ആലോചനയുണ്ട്. ആവശ്യമെങ്കില്‍ രണ്ട് പേരെ അടക്കം ചെയ്ത കോടഞ്ചേരിപള്ളി സെമിത്തേരിയിലെ കല്ലറയിലും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

click me!