ദുര്‍മന്ത്രവാദമാരോപിച്ച് വയോധികരെ മലം തീറ്റിച്ചു, പല്ല് കൊഴിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം

By Web TeamFirst Published Oct 2, 2019, 10:13 PM IST
Highlights

മര്‍ദ്ദനമേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 22 സ്ത്രീകളടക്കം 29 പേരെ അറസ്റ്റ് ചെയ്തെന്ന് എസ്പി ബ്രിജേഷ് റായ് മാധ്യമങ്ങളോട് പറഞ്ഞു.

ഭുവനേശ്വര്‍: മന്ത്രവാദമാരോപിച്ച് ആറുപേരെ ആള്‍ക്കൂട്ടം ജനമധ്യത്തില്‍ മലം തീറ്റിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാര്‍പൂര്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗ്രാമത്തില്‍ സമീപ ദിവസങ്ങളിലുണ്ടായ മരണത്തിന് അക്രമത്തിനിരയായവര്‍ ദുര്‍മന്ത്രവാദം ചെയ്തിട്ടാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. 60 വയസ്സ് പിന്നിട്ടവരാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇവരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ സ്ത്രീകളടങ്ങിയ ആള്‍ക്കുട്ടം ഇവരെ വലിച്ചിഴച്ച് പുറത്തേക്കിറക്കി.

ബലം പ്രയോഗിച്ച് മലം വായില്‍ വെക്കുകയും വിസ്സമ്മതിച്ചപ്പോള്‍ അടിച്ച് പല്ല് കൊഴിക്കുകയും ചെയ്തു. ആരും ഇവരെ തടയാന്‍ ശ്രമിച്ചില്ല. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. മര്‍ദ്ദനമേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 22 സ്ത്രീകളടക്കം 29 പേരെ അറസ്റ്റ് ചെയ്തെന്ന് എസ്പി ബ്രിജേഷ് റായ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ദിവസങ്ങളില്‍ മൂന്ന് സ്ത്രീകള്‍ രോഗം മൂലം മരിക്കുകയും ഏഴുപേര്‍ രോഗബാധിതരാകുകയും ചെയ്തതോടെയാണ് മന്ത്രവാദം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. 

click me!