
എറണാകുളം: മുട്ടാർ പുഴയിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനുമോഹനെ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിലും വ്യാപക തെരച്ചിൽ. സനു മോഹൻ കേരളത്തിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണിത്.
പാലക്കാട്, ഇടുക്കി ജില്ലകളിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ചെക്ക് പോസ്റ്റുകൾക്കു പുറമെ തമിഴ്‌നാട്ടിലെ ഇടത്തരം ലോഡ്ജുകളിലും അന്വേഷണം നടത്തുന്നുണ്ട്. ലോഡ്ജിലെ രജിസ്റ്ററുകളിൽ സനു മോഹന്റെ കൈയ്യക്ഷരവുമായി സാമ്യമുള്ള എഴുത്തുണ്ടോയെന്നാണ് പ്രധാനമായും പരിശോധന.
നിലവില്‍ രണ്ടു സംഘങ്ങളാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് സനു മോഹനായി തെരച്ചിൽ നടത്തുന്നത്. രണ്ടാഴ്ചയായി നടക്കുന്ന അന്വേഷണത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇവരെ മാറ്റി പുതിയ സംഘത്തെ അയക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
വൈഗയുടെ ആന്തരിക അവയവ പരിശോധന ഫലവും ഫ്ലാറ്റിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫൊറൻസിക് പരിശോധന ഫലവും മറ്റന്നാൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരോധനം സംബന്ധിച്ച് സംശയങ്ങൾ ഉള്ളതായി സനുമോഹൻറെ കുടുംബാംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ അമ്മയുടെയും സഹോദരൻറെയും മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. കാണാതായ ഇവരുടെ കാർ കണ്ടെത്താൻ തമിഴ്നാട്ടിലെ നിരവധി വർക്ക് ഷോപ്പുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. വൈഗയുെട മരണത്തിനു മൂന്നു ദിവസം മുമ്പ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തിയ സംഘത്തെ കണ്ടെത്താനുള്ള പോലീസിൻറെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
ഫ്ലാറ്റിലെ സിസിടിവി പ്രവർത്തിക്കാത്തത് പൊലീസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. എന്തായാലും അടുത്ത ദിവസം തന്നെ സനു മോഹനെ കണ്ടെത്താനാകും എന്ന വിശ്വസത്തിലാണ് പൊലീസിപ്പോഴും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam