
ഹാപൂര്‍: ഉത്തർപ്രദേശിലെ ഹാപൂരിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അവിവാഹിതയായ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ രോഷാകുലരായിരുന്നു. ഇതാണ് കൊടുക്രൂരതയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
നവാദ ഖുര്‍ദ് ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ കുറിച്ച് അമ്മയും സഹോദരനും ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ 21 കാരി തയ്യാറായില്ല. ഇതോടെ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഇന്നലെ വനത്തിൽ കൊണ്ടുപോയി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ചില കർഷകർ കാടിനുള്ളില്‍ എത്തി. അപ്പോഴേക്കും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 70 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു യുവതി. കര്‍ഷകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിന്നീട് യുവതിയെ മീററ്റിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam