'അധ്യാപകന്‍റെ ബൈക്കിൽ തോക്ക്', ആയുധക്കടത്തെന്ന കുറ്റം ചുമത്തി അറസ്റ്റ്; എല്ലാം 'മുകളിലൊരാൾ' കണ്ടു, ട്വിസ്റ്റ്
പൊലീസുകാരുടെ പെരുമാറ്റത്തിൽ സംശയാസ്പദമായ എന്തോ ഉണ്ടെന്ന് തോന്നുന്നു, അന്വേഷണം നടത്തുകയാണെന്ന് എസ്‍പി
മീററ്റ്: ആയുധക്കടത്തെന്ന കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തത് വിവാദത്തില്‍. ബൈക്കില്‍ നിന്ന് തോക്ക് കണ്ടെടുത്തതോടെയായിരുന്നു അറസ്റ്റ്. എന്നാല്‍ പൊലീസ് അധ്യാപകന്‍റെ ബൈക്കില്‍ തോക്ക് കൊണ്ടുപോയി വെച്ച് കള്ളക്കേസില്‍ കുടുക്കിയെന്നാണ് ആരോപണം. സിസിടിവി ദൃശ്യം ചൂണ്ടിക്കാട്ടിയാണ് അധ്യാപകന്‍റെ കുടുംബം ആരോപണം ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
മീററ്റിലെ ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ് അങ്കിത് ത്യാഗി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അങ്കിത് ത്യാഗിയുടെ വീടിനു മുന്‍പില്‍ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ എത്തി. ഇവരിൽ ഒരാൾ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് സമീപത്തേക്ക് പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു. പൊലീസുകാരന്‍ എന്തോ ബൈക്കില്‍ വെയ്ക്കുന്നതായി സംശയം തോന്നുന്ന ദൃശ്യമാണ് പുറത്തുവന്നത്.
പിന്നാലെ രണ്ട് പൊലീസുകാരും വീടിനുള്ളില്‍ ചെന്ന് അങ്കിതുമായി തിരിച്ചുവരുന്ന ദൃശ്യം പുറത്തുവന്നു. പൊലീസ് ബൈക്കിൽ നിന്ന് തോക്ക് 'വീണ്ടെടുക്കുന്നതും' സിസിടിവിയില്‍ പതിഞ്ഞു. അങ്കിതിനെ ഖാർഖോഡ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആയുധക്കടത്ത് ആരോപിച്ചാണ് അങ്കിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അങ്കിതിന്റെ സഹോദരി രാഖി കൈക്കുഞ്ഞുമായി മീററ്റ് ഇൻസ്‌പെക്ടർ ജനറലിന്റെ ഓഫീസിലെത്തി. സിസിടിവി ദൃശ്യം ഐജിയെ കാണിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു, പക്ഷേ അനുമതി കിട്ടിയില്ല. രാത്രി മുഴുവൻ യുവതി പൊലീസ് സ്റ്റേഷനില്‍ കാത്തുനിന്നു.
"രണ്ട് പൊലീസുകാർ ഞങ്ങളുടെ വീട്ടിൽ വന്നു. എന്റെ സഹോദരനെ കള്ളക്കേസിൽ കുടുക്കി. പൊലീസുകാരാണ് ബൈക്കിൽ തോക്ക് വെച്ചത്. എന്നിട്ട് അവനെ അറസ്റ്റ് ചെയ്തു"- രാഖി പറഞ്ഞു.
ഒടുവിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഐജിയെ കാണാൻ രാഖിക്ക് അനുമതി ലഭിച്ചത്. രാഖി പരാതി നൽകി. വീഡിയോ ഐജിയെ കാണിച്ചു. പിന്നാലെ അങ്കിതിനെ വിട്ടയച്ചു. അങ്കിതിന്‍റെ കുടുംബവുമായി ശത്രുതയുള്ള അയല്‍വാസികളുടെ ആവശ്യ പ്രകാരമാണ് പൊലീസ് കള്ളക്കേസുണ്ടാക്കിയത് എന്നാണ് ആരോപണം.
"പോലീസുകാരുടെ പെരുമാറ്റത്തിൽ സംശയാസ്പദമായ എന്തോ ഉണ്ടെന്ന് തോന്നുന്നു. ഞങ്ങൾ അന്വേഷണം നടത്തുകയാണ്"- എസ്പി (റൂറൽ) കമലേഷ് ബഹാദൂർ സിംഗ് പറഞ്ഞു.