സെപ്തംബർ 25 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് പൊലീസ് കേസെടുത്തത്

അഹമ്മദാബാദ്: ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച് സ്പാ മാനേജര്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാലക്സി സ്പായുടെ മാനേജര്‍ മുഹ്സിന്‍ ഹുസൈനാണ് 24 കാരിയെ മര്‍ദിച്ചത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നു. ഇതോടെ പൊലീസ് കേസെടുത്തു.

സെപ്തംബർ 25 ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗ്യാലക്സി സ്പായുടെ മുന്‍പില്‍ വെച്ചാണ് വഴക്കുണ്ടായത്. ആദ്യം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് അക്രമാസക്തനായ മുഹ്സിന്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചു. മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും വസ്ത്രം വലിച്ചുകീറുകയും തല ചുവരില്‍ ഇടിക്കുകയും ചെയ്തു. 

ആക്രമണത്തിനിടയില്‍ ചിലര്‍ യുവാവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നിട്ടും യുവാവ് മര്‍ദനം തുടര്‍ന്നു. യുവതി നേരെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. ആക്രമണത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ പ്രതിയെ പിടികൂടണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് ഗുജറാത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്. സെപ്തംബർ 27 ന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും യുവതി പ്രതിക്കെതിരെ പരാതി നൽകിയിട്ടില്ല.

പൊലീസ് യുവതിയെ നേരിട്ടു പോയി കണ്ട് അവർക്ക് കൗൺസിലിംഗ് നൽകാനുള്ള ക്രമീകരണം ഒരുക്കി. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കത്തിനു പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. താന്‍ ഒരു ജീവനക്കാരിയെ വഴക്ക് പറഞ്ഞപ്പോള്‍ മുഹ്സിന്‍ ഇടപെട്ടതോടെയാണ് വാക്കു തര്‍ക്കമുണ്ടായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സമാധാനമായി സംസാരിക്കാമെന്ന് പറഞ്ഞിട്ടും മുഹ്സിന്‍ കേട്ടില്ല. ഒരുവിധത്തില്‍ താന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച സ്പാ പൂട്ടി പോയ മുഹ്സിന്‍ നിലവില്‍ ഒളിവിലാണ്.