നിധി കണ്ടെത്താന്‍ 'സ്ത്രീയെ നഗ്നയാക്കി മുന്നിലിരുത്തി പൂജ'; മന്ത്രവാദി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 12, 2021, 10:12 PM IST
Highlights

തമിഴ്നാട് സ്വദേശിയാണ് മന്ത്രവാദി ഷാഹികുമാര്‍. ഇയാള്‍ രാമനഗരത്തിലെ ഭൂനഹള്ളിയിലെ കര്‍ഷകനായ ശ്രീനിവാസന്‍റെ വീട്ടിലാണ് മന്ത്രാവാദം നടത്തിയത്. 

ബെംഗളൂരു: വീട്ടിനുള്ളിലെ നിധി കണ്ടെത്താം (hidden treasure) എന്ന് പറഞ്ഞ് പൂജയ്ക്കിടയില്‍ (Black Magic) സ്ത്രീയെ നഗ്ന പൂജയ്ക്ക് ഉപയോഗിക്കാന്‍ ശ്രമിച്ച മന്ത്രവാദി അടക്കം ആറുപേര്‍ അറസ്റ്റില്‍. കര്‍ണാടകത്തിലെ (Karnataka) രാമനഗരത്തിലാണ് സംഭവം നടന്നത്. 40 കാരനായ മന്ത്രവാദിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷനിയമം, കര്‍ണാടക മന്ത്രവാദ വിരുദ്ധ നിയമം അടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്നും സ്ത്രീയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പൊലീസ് രക്ഷിച്ചു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, തമിഴ്നാട് സ്വദേശിയാണ് മന്ത്രവാദി ഷാഹികുമാര്‍. ഇയാള്‍ രാമനഗരത്തിലെ ഭൂനഹള്ളിയിലെ കര്‍ഷകനായ ശ്രീനിവാസന്‍റെ വീട്ടിലാണ് മന്ത്രാവാദം നടത്തിയത്. 2019 തമിഴ്നാട്ടില്‍ വച്ചാണ് മന്ത്രാവാദിയെ ശ്രീനിവാസ് പരിചയപ്പെട്ടത്. 2020 ല്‍ ശ്രീനിവാസിന്‍റെ വീട് സന്ദര്‍ശിച്ച ഷാഹികുമാര്‍ എഴുപത് വര്‍ഷം പഴക്കമുള്ള ആ വീട്ടില്‍ ഒരു നിധിയുണ്ടെന്ന് ശ്രീനിവാസിനെ വിശ്വസിപ്പിച്ചു. 

നിധി കണ്ടെത്തി മാറ്റിയില്ലെങ്കില്‍ ശ്രീനിവാസിന്‍റെ കുടുംബത്തിന് അത്യാഹിതം സംഭവിക്കുമെന്നും ഷാഹി കുമാര്‍ ഇയാളെ വിശ്വസിപ്പിച്ചു. ശ്രീനിവാസില്‍ നിന്നും മന്ത്രവാദത്തിന് വേണ്ടി 20,000 രൂപയും വാങ്ങിയാണ് ഇയാള്‍‍ അന്ന് മടങ്ങിയത്. പിന്നീട് മഹാമാരിക്കാലത്ത് പൂജ മുടങ്ങി. തുടര്‍ന്ന് അടുത്തിടെ വീണ്ടും പ്രത്യക്ഷപ്പെട്ട ഷാഹികുമാര്‍ ശ്രീനിവാസിനോട് പൂജ തുടങ്ങുകയാണെന്ന് അറിയിച്ചു.അതിനായി വീട്ടിലെ ഒരു മുറിയും ശ്രീനിവാസ് വിട്ടുകൊടുത്തു.

അതിനിടെയാണ് ഷാഹികുമാര്‍ ഒരു സ്ത്രീയെ നഗ്നയായി മുന്നില്‍ നിര്‍ത്തി പൂജ നടത്തിയാല്‍ വേഗം നിധി കണ്ടെത്താം എന്ന് പറഞ്ഞത്. ശ്രീനിവാസിന്റെ കുടുംബത്തിലെ സ്ത്രീയാകണമെന്നാണ് ഷാഹികുമാര്‍ ആദ്യം പറഞ്ഞതെങ്കിലും, അതിന് ശ്രീനിവാസ് തയ്യാറായില്ല. അതിനായി 5000 രൂപ വാടകയ്ക്ക് ഒരു സ്ത്രീയെ ഏര്‍പ്പാടാക്കി. എന്നാല്‍ ഇവരോട് നഗ്നപൂജയ്ക്കാണ് എന്ന് ശ്രീനിവാസ് പറഞ്ഞിരുന്നോ എന്നത് വ്യക്തമല്ല.

അതേ സമയം തന്നെ മന്ത്രവാദിയുടെ നീക്കങ്ങള്‍ കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നുകയും അവര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ശ്രീനിവാസിന്റെ വീട് പരിശോധിച്ച് മന്ത്രാവാദിയെയും സംഘത്തെയും കസ്റ്റഡിയില്‍ എടുത്തു. മന്ത്രവാദിയുടെ സഹായി മോഹന്‍, കല്‍പ്പണിക്കാരായ ലക്ഷ്മി സരസപ്പ, ലോകേഷ്, നാഗരാജ്, പാര്‍ത്ഥ സാരഥി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

അവിടെ നിന്നും രക്ഷപ്പെടുത്തിയ സ്ത്രീക്ക് കുടെയുണ്ടായ കുട്ടിയെ നരബലി കൊടുക്കാന്‍ മന്ത്രവാദി പദ്ധതിയിട്ടിരുന്നുവെന്ന് വാര്‍ത്ത വന്നെങ്കിലും പൊലീസ് അത് നിഷേധിച്ചിട്ടുണ്ട്. വീട്ടുടമസ്ഥന്‍ ശ്രീനിവാസിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. 

click me!