
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാർ അറസ്റ്റില്‍. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‍വ ബസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റാതെ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ബസ് ജീവനക്കാർ മര്‍ദിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്വ ബസ് നടുവണ്ണൂരിലെത്തിയപ്പോള്‍ റോഡരികില്‍ നിര്‍ത്തി ആളെ കയറ്റി. ഇതിനെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായതോടെ ബസ് സ്റ്റാന്‍റിലേക്ക് കയറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്ഡ് നിര്‍ദേശം നല്‍കിയെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമായി. ഇതിനിടെ ഹോം ഗാർഡിനെ ബസ് ജീവനക്കാര്‍ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
നാട്ടുകാര്‍ ഇടപെട്ട് ബസ് ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. ഹോം ഗാര്‍ഡായ പറമ്പിന്‍മുകള്‍ സ്വദേശി സുധാകരന്‍റെ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് പെരുവണ്ണാമൂഴി സ്വദേശി ടി റിജില്‍,പേരാമ്പ്ര സ്വദേശി തിരുവോത്ത് പി എം അര്‍ജുന്‍,കുറ്റ്യാടി സ്വദേശി ഉണ്ണികൃഷ്ണന്‍, കാവിലും പാറ സ്വദേശി സോനു വിജയന്‍,ചക്കിട്ടപാറ സ്വദേശി അഭിജിത് കക്കുടുമ്പില്‍ എന്നിവരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂര്‍ ടൗണില്‍ ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റിയേ നിര്‍ത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പല ബസ് ജീവനക്കാരും ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ ബസുകളുടെ മത്സര യോട്ടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.
Read More : ഇറച്ചിക്കോഴി കച്ചവടം; പണം കൊടുക്കാൻ വൈകിയതിന് എംബിഎ വിദ്യാർത്ഥിക്ക് നേരെ വധശ്രമം, പ്രതികൾക്ക് 15വർഷം തടവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam