
കോലാപുർ: ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. പൂണെ സ്വദേശിയായ അക്ഷയ് ജാദവിനെയാണ് നാലംഗസംഘം മർദിച്ച് കൊലപ്പെടുത്തിയത്. നാലുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലെ ഭോസെ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അക്ഷയ് ജാദവും അഞ്ച് സുഹൃത്തുക്കളുമാണ് പൂണെയിൽനിന്ന് മഹാബലേശ്വർ സന്ദർശിക്കാനെത്തിയത്. ബുധനാഴ്ച രാത്രി ഇവർ ഭോസെയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. പിന്നീട് മദ്യലഹരിയിലായിരുന്ന അക്ഷയ്നെ മുറിയിലാക്കി പുറത്തുനിന്ന് മുറി പൂട്ടിയിട്ട് സുഹൃത്തുക്കൾ ലോഡ്ജിലെ ടെറസിലേക്ക് പോയി. എന്നാൽ, രാത്രി പത്തുമണിയോടെ മുറിയിൽ തിരിച്ചെത്തിയപ്പോൾ അക്ഷയ്നെ കണ്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. തുടർന്ന് ലോഡ്ജിലും സമീപത്തും തിരച്ചിൽ നടത്തുന്നതിനിടെയാണ് 200 മീറ്റർ അകലെയായി ആൾക്കൂട്ടം ശ്രദ്ധിച്ചത്. അവിടെ എത്തിയപ്പോൾ പരിക്കേറ്റനിലയിലാണ് അക്ഷയ്നെ കണ്ടതെന്നും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, പൂണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അക്ഷയ് മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സൂര്യകാന്ത് ഗോലെ, അവിനാശ് ഭോസ്ലെ, രാഹുൽ രാജ്പുരെ, അമോൽ വഡ്കർ എന്നിവരാണ് അറസ്റ്റിലായവർ. അക്ഷയ് ജാദവ് രാത്രി മദ്യലഹരിയിൽ സൂര്യകാന്ത് ഗോലെയുടെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്നും ഇതേത്തുടർന്നാണ് മർദിച്ചതെന്നുമാണ് പ്രതികളുടെ മൊഴി. അതേസമയം, മുറി പുറത്തുനിന്ന് പൂട്ടിയിട്ടും യുവാവ് എങ്ങനെ പുറത്തുപോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam