കോഴിക്കോട് നൊച്ചാട് സ്കൂളിൽ റാഗിങ്ങ്: അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ ക‍ർണപടം പൊട്ടി

By Web TeamFirst Published Jun 12, 2019, 5:05 PM IST
Highlights

പ്ലസ് വൺ വിദ്യാർത്ഥി ഹാഫിസ് അലിക്കാണ് മർദനമേറ്റത്. കുട്ടിയ്ക്ക് കേൾവിക്കുറവുണ്ട്. തോളെല്ലിന് സാരമായ പരിക്കുമുണ്ട്

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങ്. ചെവിക്ക് അടിയേറ്റ പതിനാറുകാരന്‍റെ കർണപടം പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടർമാർ. കുട്ടിക്ക് 20 ശതമാനം കേൾവിക്കുറവുണ്ട്. തോളിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയുടെ പരാതി പൊലീസിന് കൈമാറിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് നൊച്ചാട് ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥി പരാതി നൽകിയിരിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥി ഹാഫിസ് അലിക്കാണ് മർദനമേറ്റത്. ഹാഫിസിനെ കോഴിക്കോട്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയാണ്. 

സ്കൂളിന് പുറത്തുള്ള റോഡിൽ വെച്ച് സീനിയർ വിദ്യാ‍ർത്ഥി കുട്ടിയെ മർദ്ദിക്കുകയായിരുന്നെന്ന് പ്രിൻസിപ്പൽ പറഞ്ഞു. സ്കൂൾ ആരംഭിച്ച ഉടനെത്തന്നെ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്ക് നി‍ർദേശങ്ങൾ നൽകിയിരുന്നു.

ഷൂ ധരിക്കരുത്, മുടി പറ്റെ വെട്ടണം, ക്ലീൻ ഷേവ് ചെയ്യണം തുടങ്ങിയവയായിരുന്നു നി‍‍ർദേശങ്ങൾ. കുട്ടികളോട് പ്രൊഫൈൽ പിക്ചർ മാറ്റാനും പറഞ്ഞിരുന്നു. ഇത് ചെയ്യാത്തതിനാണ് കുട്ടിയെ അടിച്ചത്. 

 


 

click me!