
വീട്ടില്‍ അതിഥിയായി എത്തിയ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് (Swami Gangeshananda bobbitisation case) വിശദമായ പദ്ധതി തയ്യാറാക്കലിന് ശേഷമെന്ന് കണ്ടെത്തല്‍. 2017 മെയ് 20ന് രാത്രിയിലാണ് കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ (Swami Gangeshananda) ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത് സ്വാമിയുടെ സഹായിയായ അയ്യപ്പദാസാണെന്നാണ് കണ്ടെത്തല്‍. ഇയാളുമായുള്ള ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ഇവരുടെ പദ്ധതി.
സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. അന്നു തന്നെയാണ് സ്വാമിയുടെ ലിംഗം മുറിച്ചത്. സ്വാമി ഗംഗേശാനന്ദക്കെതിരായ ആക്രമണം സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.
ഗംഗേശാനന്ദയെ അനുകൂലിച്ച് പെണ്‍കുട്ടിയുടെ കത്ത്
വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി. സംഭവത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എല്ലാ പരാതികളും ഒരു വര്‍ഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു.
സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ നിഗമനം. ഉറക്കത്തിൽ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും സഹായിയേയും പ്രതിചേർക്കാനാകുമോ എന്നതിൽ ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടി. പെണ്‍കുട്ടിയുടെ മൊഴിയിൽ നിലവിൽ സ്വാമി ഗംഗേശാനന്ദക്കെതിരെ ആദ്യം എടുത്ത കേസിൽ ഇനി കുറ്റപത്രം സമർപ്പിക്കാമോയെന്നും നിയമപദേശം തേടിയിട്ടുണ്ട്.
ജനനേന്ദ്രിയം മുറിച്ചത് ഒന്നിലേറെ പേർ; പുതിയ വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam