തിരുവനന്തപുരം: ലിംഗഛേദനവുമായി ബന്ധപ്പെട്ട കേസില്‍ ഗംഗേശാനന്ദയെ അനുകൂലിച്ച് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കത്ത്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പമാണ് പെണ്‍കുട്ടിയുടെ കത്ത് കൂടി ഹാജരാക്കിയത്. പ്രതിഭാഗം അഭിഭാഷകരാണ് പരാതിക്കാരിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയത്. സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ പൊലീസെന്നും കത്തില്‍ ആരോപണം. ആദ്യം നല്‍കിയ പരാതി പോലീസ് നിര്‍ബന്ധിപ്പിച്ച് നല്‍കിയതാണെന്നും കത്തില്‍ പറയുന്നത്. മജിസ്‌ട്രേറ്റിന് നല്‍കിയ 124 മൊഴിയും പൊലീസ് നിര്‍ബന്ധിപ്പിച്ച് നല്‍കിയത്. ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയതായി പെണ്‍കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിക്ക് മാനസികപ്രശ്‌നമുണ്ടെന്ന് പറഞ്ഞ്, അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴി പൂര്‍ണമായും തള്ളുന്ന വാദങ്ങളായിരുന്നു അമ്മ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്. ഇതോടെ ഇക്കാര്യത്തില്‍ കോടതിയുടെ നിലപാടാകും നിര്‍ണായകമാകുക. പെണ്‍കുട്ടി വീണ്ടും നിലപാട് മാറ്റിയതോടെ, ഈ സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും വിട്ടൊഴിയുന്നില്ല. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ജൂണ്‍ 19ന് പരിഗണിക്കും.