
എറണാകുളം: കൊച്ചിയിൽ പൊലീസിന് മുന്നിൽ അക്രമാസക്തരായി സ്വയം മുറിവേൽപ്പിച്ച് റിമാൻഡ് പ്രതികളുടെ അതിക്രമം. പൊലീസുകാരോട് ബീഡി ചോദിച്ചിട്ട് കിട്ടാത്തതിലെ രോഷമാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മറ്റൊരു കേസിൽ കൊച്ചിയിലെ കോടതിയിലെത്തിക്കും വഴിയായിരുന്നു സംഭവം.
വിയ്യൂർ സെൻട്രൽ ജയിലിലെ റിമാൻഡ് പ്രതികളായ ജിതിനും തൻസീറുമാണ് അക്രമാസക്തരായത്. 2018 ൽ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത പിടിച്ചുപറി കേസിലെ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കാനാണ് കൊച്ചിയിലെത്തിച്ചത്. സൗത്ത് റെയിൽ വേ സ്റ്റേഷൻ പരിസരത്ത് വെച്ച് ബീഡി വേണമെന്ന് പ്രതികൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ആവശ്യം നിരസിച്ചപ്പോൾ ഇവര്‍ അക്രമാസക്തരാവുകയായിരുന്നു.
പൊലീസുകാര്‍ക്കെതിരെ അസഭ്യ വർഷത്തില്‍ തുടങ്ങിയ അക്രമം ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കൽ വരെ എത്തുകയായിരുന്നു.ഒടുവിൽ കൂടുതൽ പൊലീസെത്തിയാണ് ഇവരെ കീഴടക്കിയത്. എന്നാല്‍ റിമാന്‍ഡ് പ്രതികൾക്ക് എങ്ങനെ ബ്ലേഡ് കിട്ടി എന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചതിലും, രക്ഷപ്പെടാൻ ശ്രമിച്ചതിലും സെൻട്രൽ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ജയലധികൃതരെ വട്ടംകറക്കിയത് കഴിഞ്ഞ ദിവസമാണ്. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ കടത്താൻ ശ്രമിച്ചതായി എക്സറേയിൽ കണ്ടെത്തുകയായിരുന്നു. ഒടുവിൽ മൂന്നര മണിക്കൂർ ഡോക്ടർമാർ പണിപ്പെട്ടാണ് ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞ നിലയിൽ ഒരു കെട്ട് ബീഡി പുറത്തെടുത്തത്.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ; സംഭവം കണ്ണൂർ ജില്ലാ ജയിലിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam