
ഗുരുഗ്രാം: ഓൺലൈനിൽ ബുക്ക് ചെയ്താൽ വീട്ടിൽ മദ്യമെത്തിച്ച് നൽകാമെന്ന് പറഞ്ഞ് വനിതാ ഐഎഎസ് ഉദ്യോഗസ്ഥയിൽനിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റർജിയാണ് പരാതിക്കാരി. ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പുകാർ വൻതുക ഇവരിൽ നിന്ന് തട്ടിയെടുത്തത്. ജൂലൈ 23ന് പാർട്ടി നടത്താനായി വൈകുന്നേരം ആറിന് മദ്യത്തിന് ഓൺലൈനിൽ ഓർഡർ നൽകി. ബുക്ക് ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ ഒരു കോൾ വന്നു. അതിഥികൾ വരുന്ന സമയമായതിനാലും വിളിക്കുന്നയാളെ വിശ്വസിച്ചും തിരക്ക് കാരണം ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ ഒടിപിയും പങ്കിട്ടെന്നും സൊഹ്റ ചാറ്റർജി പറഞ്ഞു. എന്റെ ക്രെഡിറ്റ് കാർഡ് വഴി 630 രൂപ ഡെബിറ്റ് ചെയ്തതായി എസ്എംഎസ് ലഭിച്ചു, എന്നാൽ പിന്നീട് എന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 1,92,477.50 രൂപയുടെ ഇടപാട് കണ്ടെത്തിയെന്നും അവർ പരാതിയിൽ ഉന്നയിച്ചു.
നേരത്തെയും നിരവധി പേർ ഈ വെബ്‌സൈറ്റ് വഴി കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് ഒന്നിന്, മദ്യം വീട്ടിൽ എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളെ കബളിപ്പിച്ച സംഘത്തിലെ മൂന്ന് പേരെ ഗുരുഗ്രാം പൊലീസ് പിടികൂടിയിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ നമ്പർ ഞങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 419, 420, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66-ഡി എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണെന്നും ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഡ്രൈ ഡേയിൽ വീട് ബാറാക്കി മദ്യവിൽപ്പന; ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ച മദ്യമടക്കം ഒരാള്‍ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam