ഗ്ലാസിൽ മൂന്ന് അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കിൽ വീടിന് സമീപം പൊതുവഴിയിലായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്.

അടിമാലി: ഇടുക്കിയില്‍ ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഡ്രൈ ഡേയിൽ വീട്ടില്‍ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തുകയായിരുന്ന തോക്കുപാറ കരയിൽ തോപ്പിൽ അജി (38) എന്നയാളെയാണ് അടിമാലി എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ അജി നേരത്തേയും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് എക്സൈസ് പറഞ്ഞു.

തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും ഇയാള്‍ ഏറെ നാളുകളായി മദ്യവിൽപ്പന നടത്തി വരികയായിരുന്നു. അജിയുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗ്ലാസിൽ മൂന്ന് അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കിൽ വീടിന് സമീപം പൊതുവഴിയിലായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ രാത്രി കാലങ്ങളിലും മറ്റും ആളുകൾ വന്നു പോകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

രാത്രി നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസർ വി പി സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, അരുൺ സി, രഞ്ജിത്ത് കവിദാസ്, നിമിഷ ജയൻ, ശരത് എസ് പി എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Read More: കത്തോലിക് കോണ്‍ഗ്രസ് നേതാവിന്‍റെ അപകട മരണം; ബൈക്കിലിടിച്ച കാര്‍ കണ്ടെത്തി, വാഹനമോടിച്ചത് ഡോക്ടര്‍

നടന്ന് പോകുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

ചാരുംമൂട് : ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരിൽ ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ശിവന്‍കുട്ടിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു. 

ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അമിത വേഗതയിൽ വന്ന ടെമ്പോയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ശിവൻകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജാനകി. മക്കൾ : ഷാജി, ഷാനിത, ഷിബു.