മാക്കൂട്ടം വനപാതയിൽ യാത്രക്കാരെ ലക്ഷ്യമിട്ട കൊള്ളസംഘം പിടിയിൽ; കൂട്ടത്തിൽ മലയാളി വിദ്യാർത്ഥികളും

By Web TeamFirst Published Sep 8, 2020, 1:14 AM IST
Highlights

കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും, സ്വർണ്ണവും കൊള്ളയടിക്കാൻ സംഘം.

മാക്കൂട്ടം: കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും, സ്വർണ്ണവും കൊള്ളയടിക്കാൻ സംഘം. രണ്ടുവാഹങ്ങളിൽ മാരകായുധങ്ങളുമായി ചുരത്തിൽ പതിയിരുന്ന സംഘത്തെ കർണ്ണാടക പൊലീസ് പിടികൂടി. മലയാളി വിദ്യാർത്ഥികളങ്ങുന്ന ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം. കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം വിരാജ്പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരിക്കുകയായിരുന്നു. രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസിനെ കണ്ടതും ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പരിശോധിച്ചപ്പോഴാണ് മാരക ആയുധങ്ങളുമായി ഒൻപതംഗ സംഘം പിടിയിലാകുന്നത്. 

ഇവരുടെ രണ്ട് വണ്ടികളിൽ നിന്നും ഇരുമ്പ് വടികൾ, മുളക് പൊടി, എട്ട് കിലോ മെർക്കുറി, കത്തി ,വടിവാൾ, എന്നിവ കണ്ടെടുത്തു. രാത്രിയിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി പണവും സ്വർണവും കൊള്ളയടിക്കുക ആയിരുന്നു ഉദ്ദേശ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വടകര ചോമ്പാല സ്വദേശി 22കാരനായ വൈഷ്ണവ്, കണ്ണൂർ ചക്കരക്കൽ സ്വദേശി 20കാരനായ അഭിനവ് എന്നിവരും കർണാടക സ്വദേശികളായ ഏഴ് പേരുമാണ് സംഘത്തിലുള്ളത്. ഇതിൽ അഭിനവ് തലശ്ശേരി എൻടിടിഎഫ് പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയാണ്. 

പ്രോജക്ടിനായി ക‍ർണാടകത്തിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് അഭിനവ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആറ് മാസമായി അടച്ചിട്ടിരുന്ന മാക്കൂട്ടം ചുരം പാത രണ്ടാഴ്ചകൾക്ക് മുന്നെയാണ് വീണ്ടും തുറന്നുകൊടുത്തത്. കൊടും കാടും വളവുകളും നിറഞ്ഞ 20 കിലോമീറ്റർ വന പാത വൈദ്യുദീകരിച്ചിട്ടുമില്ല. മൊബൈലിൽ റേഞ്ച് പോലും കിട്ടാറില്ല. 

പിടിയിലായ സംഘത്തെ കൊവിഡ് പരിശോധന നടത്തി. കർണാക സ്വദേശിയായ ഒരാൾക്ക് രോഗമുണ്ട്. ഇയാളെ മടിക്കേരി കൊവിഡ് സെന്‍ററിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കിയ ശേഷം മടിക്കേരി ജയിലിൽ റിമാൻഡ് ചെയ്തു. സംഘത്തിന് മറ്റാരെങ്കിലും ബന്ധമുണ്ടോയെന്ന വിശദമായ പരിശോധന പൊലീസ് ആരംഭിച്ചിട്ടുണ്ട്.

click me!