പ്രളയത്തിന്‍റെ മറവിൽ ചാലക്കുടി യൂണിയന്‍ ബാങ്കില്‍ കവര്‍ച്ച; ബാങ്ക് ജീവനക്കാരനും സെക്യൂരിറ്റിയും പിടിയിൽ

By Web TeamFirst Published Apr 6, 2019, 12:42 AM IST
Highlights

റെയിൽ വേസ്റ്റേഷൻ റോഡിലുള്ള യൂണിയൻ ബാങ്കിന്റെ ലോക്കറിൽ നിന്നാണ് ജീവനക്കാർ സ്വർണം മോഷ്ടിച്ച് കടത്തിയത്. 

ചാലക്കുടി: റെയിൽ വേസ്റ്റേഷൻ റോഡിലുള്ള യൂണിയൻ ബാങ്കിന്റെ ലോക്കറിൽ നിന്നാണ് ജീവനക്കാർ സ്വർണം മോഷ്ടിച്ച് കടത്തിയത്. തൃശൂർ ആറാട്ടുപുഴ ശ്യാം, അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി ജിതിൻ എന്നിവരാണ് ബാങ്കിന് അകത്ത് നിന്ന് മോഷണം നടത്തിയത്.

ശ്യാം ബാങ്കിലെ പ്യൂണും ജിതിൻ എടിഎമ്മിന്റെ സെക്യൂരിറ്റിയുമാണ്. പ്രളയത്തിൽ ചാലക്കുടി ടൗൺ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ബാങ്കിന്റെ പ്രവർത്തനം നിലച്ചിരുന്നു. പ്രളയക്കെടുതിക്ക് ശേഷം തുറന്ന ബാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഇടപാടുകാർ പണയം വച്ച സ്വർണ്ണാഭരണങ്ങൾ ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണ്ണം ബാങ്കിൽ പഴയ ഫയലുകളുടെ ഇടയിൽ ദിവസങ്ങളോളം രഹസ്യമായി സൂക്ഷിച്ചു. 

പിന്നീട് കുറേശ്ശയായി പുറത്തെത്തിച്ച് പലയിടങ്ങളിൽ പണയം വയ്ക്കുകയായിരുന്നു. ആഭരണങ്ങൾ പ്രളയത്തിൽ നഷ്ടപ്പെട്ടുവെന്നാണ് ഇടപാടുകാരും ബാങ്കിലെ ഉദ്യോഗസ്ഥരും കരുതിയിരുന്നത്. മോഷ്ടിച്ച സ്വർണം പണയം വെക്കാനാണ് ഇയാൾ സുരക്ഷാ ജീവനക്കാരൻ ജിതിന്റെ സഹായം തേടിയത്. കഴിഞ്ഞാഴ്ചയാണ് ഇയാൾ സ്വർണാഭരണങ്ങളുമായി തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പിടിയിലായത്. 

തുടർന്ന് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രളയത്തിന്റെ മറവിൽ നടന്ന തട്ടിപ്പിന്റെ കഥ പുറത്തുവന്നത്. എറണാകുളം തൃശ്ശൂർ ജില്ലകളിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് മൂന്നു കിലോയോളം സ്വർണ്ണം കണ്ടെടുത്തു.

പിന്നാലെ മോഷണ വസ്തു വിറ്റ് ശ്യാം വാങ്ങിക്കൂട്ടിയ രണ്ടു ഹോണ്ട സിവിക് കാറുകളും, ഒരു ഇന്നോവ കാറും ഒരു ഫോക്സ് വാഗൻ പോളോ കാറും കണ്ടെടുക്കാനായി. ശ്യാമിന്റെ വാഹന ഇടപാടുകളെപ്പറ്റിയും ഇയാളുമായി സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളവരെ കുറിച്ചും പൊലീസ് വിവരം ശേഖരിച്ചു വരികയാണ്. 

click me!