പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് എണ്‍പത് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു

By Web TeamFirst Published Feb 11, 2020, 3:21 PM IST
Highlights

പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് എൺപത് പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നു. ബദിയടുക്ക സ്വദേശി ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ നിന്ന് മൂന്നുറ് മീറ്റര്‍ മാത്രം അകലെയാണ് മോഷണം

കാസർകോട്: പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് എൺപത് പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നു. ബദിയടുക്ക സ്വദേശി ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ നിന്ന് മൂന്നുറ് മീറ്റര്‍ മാത്രം അകലെയാണ് മോഷണം. ബദിയെടുക്ക ടൗണിനോട് ചേർന്നുള്ള വീട്ടിലാണ് മോഷണം. വീട്ടുടമസ്ഥൻ ശ്രീനിവാസ റാവുവും കുംടുംബവും വെള്ളിയാഴ്ച വീടു പൂട്ടി കൊൽക്കത്തയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. 

കഴി‍ഞ്ഞദിവസം വീട്ടിലെ ചെടികൾക്ക് വെള്ളമൊഴിക്കാനെത്തിയ തൊഴിലാളിയാണ് മുൻവശത്തെ വാതിൽ തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷണം സ്ഥിരീകരിച്ചു. കിടപ്പുമുറിയുടെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എൺപത് പവൻ സ്വർണവും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. 

ബദിയെടുക്ക ടൗണിൽ ഫാൻസി കട നടത്തുകയാണ് ശ്രീനിവാസ റാവു. സാധനങ്ങൾ വാങ്ങുന്നതിനായി സൂക്ഷിച്ച പണവും ഭാര്യയുടെ പെൻഷൻ തുകയുമാണ് നഷ്ടപ്പെട്ടത്. കൂടെ ആഭരണങ്ങളും. വീട്ടുടമസ്ഥർ ഇല്ലെന്ന വിവരം അറിയുന്നവരാണ് മോഷണത്തിന് പിറകിലെന്നാണ് സൂചന. ബദിയെടുക്ക പൊലീസ് സ്റ്റേഷനിൽ നിന്നും മുന്നൂറ് മീറ്റർ മാത്രമാണ് മോഷണം നടന്ന വീട്ടിലേക്കുള്ള ദൂരം. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി നഗരത്തിലെ സിസിടിവി ക്യാമറകളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. 

click me!