രോഹിത് തിവാരിയുടെ മരണത്തില്‍ വന്‍ വഴിത്തിരിവ്

By Web TeamFirst Published Apr 19, 2019, 6:53 PM IST
Highlights

ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. പോസ്റ്റു മാര്‍ട്ടം റിപ്പോര്‍ട്ട് എതിരായിരുന്നു. 

ലക്നൗ: മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിക്കെതിരെ നീണ്ടക്കാലം നിയമയുദ്ധം നടത്തിയ മകന്‍ രോഹിത് തിവാരിയുടെ മരണത്തില്‍ വന്‍ വഴിത്തിരിവ്.  തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ദില്ലി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. 

ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. പോസ്റ്റു മാര്‍ട്ടം റിപ്പോര്‍ട്ട് എതിരായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മാക്സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായിട്ടാണ് അധികൃതര്‍ വ്യക്തമാക്കിയത്. വീട്ടിലെ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്‍ഡി തിവാരിക്കെതിരേ നടത്തിയ നിയമപോരാട്ടത്തിന്‍റെ പേരില്‍ രോഹിത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നയാളാണ്. തന്നെ മകനായി അംഗീകരിക്കണമെന്ന രോഹിതിന്റെ വാദം തീവാരി തള്ളിയിരുന്നു. തുടര്‍ന്ന് രോഹിത് ദില്ലി കോടതിയില്‍ ഹര്‍ജി നല്‍കുകയും പിതൃ പരിശോധനയിലൂടെ രോഹിത് തിവാരിയുടെ മകനാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. 

രോഹിത്തിന് അനുകൂലമായ കോടതി വിധി വന്നതോടെ രോഹിതിന്‍റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്യുകയും ഉണ്ടായി. അന്വേഷണം ഡല്‍ഹി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരെത്തി വീട്ടംഗങ്ങളെയും ജോലിക്കാരെയും ചോദ്യം ചെയ്യും.

click me!