
ഉത്തര്‍പ്രദേശ്: സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാവും മുൻ ഗ്രാമമുഖ്യനുമായ ബിജിൽ യാദവ് (39) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മാവു ജില്ലയിലെ ഷെക്ക്വാലിയ ഗ്രാമത്തിൽ വച്ചാണ് സംഭവം. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു ബിജിൽ യാദവ്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ഗ്രാമീണരാണ് കൊലപാതകത്തെക്കുറിച്ച് ആദ്യം അറിഞ്ഞത്. ഇദ്ദേഹം പതിവായി നടക്കാൻ പോകാറുണ്ടായിരുന്നു എന്ന് ഗ്രാമീണർ വെളിപ്പെടുത്തുന്നു. ഗ്രാമത്തിൽ നിന്നും ഏകദേശം അഞ്ഞൂറ് മീറ്റർ ദൂരത്ത് വച്ചാണ് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന്റെ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്ത് കൃത്യമായി വെടിവച്ചതിന് ശേഷം ഓടി രക്ഷപ്പെട്ടത്.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ബിജിൽ യാദവിന്റെ ഭാര്യ നൽകിയ പരാതിയിൻമേലാണ് നടപടി. അക്രമികളെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ തയ്യാറാക്കിയതായി പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. സാധ്യമായ എല്ലാ രീതികളിലും ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കും, അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
മാതാപിതാക്കളുടെ ഏക മകനാണ് ബിജിൽ യാദവ്. ഇദ്ദേഹത്തിന് ഭാര്യയും അഞ്ച് പെൺമക്കളും ഒരു മകനുമാണുള്ളത്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുകയാണന്നും നീതിയും നിയമവും വളരെ മോശം അവസ്ഥയിലാണെന്നും മാവുവിലെ സമാജ് വാദി പാർട്ടി പ്രാദേശിക നേതാവായ കൺപ്രതാപ് സിംഗ് വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam