
രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സ്കൂൾ വിദ്യർഥിനിയോട് സഹപാഠികളാണ് കൊടുംക്രൂരത കാട്ടിയത്. 14 കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ 2 സഹപാഠികളും മറ്റൊരാളും ചേർന്നാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ വീണ്ടും നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. കായികമേളക്കിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ഇവർ ക്രൂരത കാട്ടിയത്. കൂട്ടബലാത്സംഗത്തിന്‍റെ വീഡിയോ പകർത്തി സംഭവം ആരോടും പറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയും അച്ഛനും പൊലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. മായങ്ക്, ഗൗരവ്, ഹരീഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടാനായുള്ള ഊർജ്ജിത തെരച്ചിലിലാണ് പൊലീസെന്ന് സൗത്ത് ഡി സി പി ഉപാസന വ്യക്തമാക്കി.
സോഹ്‌ന മേഖലയിലെ കായികമേളക്കിടെയാണ് 14 കാരിയായ വിദ്യാർഥിനിയെ സഹപാഠികളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും സൗത്ത് ഡി സി പി വ്യക്തമാക്കി. ഒരു കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയാണ് പ്രതികൾ മാറിമാറി ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്.
പെൺകുട്ടിയുടെയും അച്ഛന്‍റെയും പരാതിയെത്തുടർന്ന്, മൂന്ന് പ്രതികൾക്കെതിരെയും ഐ പി സി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 - ഡി എ (പതിനാറ് വയസ്സിന് താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുക), പോക്‌സോ ആക്‌ട് സെക്ഷൻ 13/6 എന്നിവ പ്രകാരം സോഹ്‌ന സദർ പൊലീസ് സ്‌റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് കേസ് അന്വേഷിക്കുന്നതെന്ന് സൗത്ത് ഡി സി പി വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും ഡി സി പി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam