
കണ്ണൂര്‍: കണ്ണൂർ ഇരിട്ടി ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് കവർന്ന 26 ലാപ്ടോപ്പുകളും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ടെത്താനുണ്ടായിരുന്ന രണ്ട് ലാപ്ടോപ്പുകളെവിടെയന്ന് വ്യക്തമായത്. നേരത്തെ മോഷണക്കേസിൽ ഉൾപെട്ടിരുന്ന പ്രതികൾ ജയിലിൽ വച്ച് ഗൂഢാലോചന നടത്തിയാണ് ലാപ്ടോപ്പുകൾ മോഷ്ടിച്ചത്.
ഈ മാസം ഏഴിനാണ് എട്ട് ലക്ഷം രൂപ വിലവരുന്ന 26 ലാപ്ടോപ്പുകൾ ഇരിട്ടി ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് കളവ് പോയത്. മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ ഇരിട്ടി പൊലീസിനായി. ഇതേ സ്കൂളിൽ കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് രണ്ട് കംപ്യൂട്ടർ ബാറ്ററിയും യുപിഎസും രണ്ട് ലാപ്ടോപ്പും മോഷണം പോയിരുന്നു.
ആ കേസിൽ ഏഴ് മാസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദീപുവും സഹതടവുകാരനായ മനോജുമാണ് വീണ്ടും മോഷണം നടത്തിയത്. ഇരിട്ടി പാലത്തിനടുത്ത് ആൾതാമസമില്ലാത്ത പഴയ വീട്ടിൽ ഒളിച്ചുകഴിയുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലായത്. ചക്കരക്കല്ല് സ്വദേശിയുടെ കയ്യിൽ വിൽക്കാനായി ഏൽപിച്ച 24 ലാപ്ടോപ്പുകൾ അന്നുതന്നെ പൊലീസ് കണ്ടെടുത്തിരുന്നു.
ബാക്കി രണ്ട് ലാപ്ടോപ്പുകൾ മറ്റൊരാൾക്ക് കൈമാറി എന്നായിരുന്നു ആദ്യ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ റിമാൻഡിലായ ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ഒളിച്ചു താമസിച്ച വീടിന്റെ ടെറസിൽ തന്നെയാണ് ലാപ്ടോപ്പുകളും പ്രതികൾ സൂക്ഷിച്ചിരുന്നത്.
പിടിയിലായ പാലക്കൽ ദീപുവും, കുന്നുംപുറത്ത് ഹൗസിൽ മനോജും നിരവധി മോഷണക്കേസുകളിൽ ഉൾപെട്ട് ശിക്ഷ അനുഭവിച്ചവരാണ്. ഇവർക്കെതിരെ മോഷണം, അതിക്രമിച്ചുകടക്കൽ എന്നീ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam