
ദില്ലി : ഝാർഖണ്ഡിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട വീട്ടുസഹായിയോടുള്ള ബിജെപി നേതാവ് സീമ പാത്രയുടെ ക്രൂരത പുറത്ത് കൊണ്ടുവന്നത് സ്വന്തം മകൻ. ബിജെപി വനിതാ വിഭാഗം ദേശീയ എക്സിക്യൂട്ടീവ് അംഗമായ സീമപാത്ര ജോലിക്കാരിയെകൊണ്ട് തറയിലെ മൂത്രം നക്കിപ്പിക്കുകയും പാൻ ചൂടാക്കി പൊള്ളിക്കുകയും ചെയ്യുന്നത് കണ്ട് സഹികെട്ടാണ് മകൻ, ജോലിക്കാരിയുടെ ദുരവസ്ഥ പുറത്തറിയിച്ചത്. വീട്ടു ജോലിക്കാരിയോട് അമ്മ കാണിക്കുന്ന ക്രൂരതകൾ മകൻ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. സുനിതയെ പീഡിപ്പിക്കുന്നതിനെതിരെ സംസാരിച്ച മകന് മാനസിക രോഗമാണെന്ന് ആരോപിച്ച് ചികിത്സിച്ചിരുന്നുവെന്നും സീമ പാത്രയ്ക്കെതിരായ പരാതിയിൽ പറയുന്നുണ്ട്.
സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണം; റെസ്റ്റോറന്‍റിന്‍റ് ഉടമയും ലഹരി ഇടപാടുകാരനും അറസ്റ്റില്‍
ആദിവാസി വിഭാഗത്തിൽ പെട്ട സുനിത കഴിഞ്ഞ പത്ത് വർഷമായി സീമ പാത്രയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. ഈ കാലയളവിൽ സുനിതയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. സുനിതയുടെ ദേഹത്ത് പാത്രം ചൂടാക്കി പൊള്ളിക്കുകയും, വടികൊണ്ട് തല്ലുകയും, മൂത്രം നക്കി വൃത്തിയാക്കികുകയും ചെയ്തിരുന്നതായി സീമ പാത്രയ്ക്കെതിരായ എഫ്ഐആറിൽ പറയുന്നു.
ആരോഗ്യം ക്ഷയിച്ച് അവശയായതോടെ സുനിതയെ വാരാണസിയിലെ ആശ്രമത്തിൽ ഉപേക്ഷിക്കാനായിരുന്നു സീമ പാത്രയുടെ തീരുമാനമെന്നും എഫ്ഐആറിലുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻറെ ഭാര്യയും, ബിജെപി വനിത വിഭാഗം ദേശീയ നിർവ്വാഹകസമിതി അംഗവും, കേന്ദ്ര സർക്കാരിൻറെ ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ പദ്ധതിയുടെ സംസ്ഥാന കൺവീനറുമാണ് സീമ പാത്ര. സംഭവം പുറത്തായതിന് പിന്നാലെ ജാർഖണ്ഡിൽ വലിയ പ്രതിഷേധമുയർന്നു. പൊലീസ് നടപടി വൈകിയതിൽ ഗവർണർ രമേശ് ബെയിസ് ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. വാർത്ത പുറത്തു വന്നതിന് പിന്നാലെ സീമ പാത്രയെ പാർട്ടി സസ്പെൻഡ് ചെയ്തു.