സെക്സ് ചാറ്റിൽ കുടുക്കി ബ്ലാക്ക്‌മെയിലിംഗ്; സോഷ്യൽ മീഡിയയിൽ തട്ടിപ്പ് സംഘം സജീവം

By Web TeamFirst Published Oct 12, 2020, 9:17 AM IST
Highlights

രണ്ട് പേർ തമ്മിലുള്ള പങ്കുവെക്കലുകളായി വെറുതെ വിടാവുന്ന തരത്തിലല്ല എല്ലാ ഓൺലൈൻ ലൈംഗിക വ്യാപാരവും നടക്കുന്നത് എന്നിടത്ത് ചിത്രം മാറുന്നു. തിരികെ തങ്ങളുടെ കൈയിലെത്തുന്ന ദൃശ്യങ്ങളും വിവരങ്ങളുമുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങ് ആണ് അധികവും. അതും അജ്ഞാത പ്രൊഫൈലുകൾ വഴി.

തിരുവനന്തപുരം: കൊവിഡ് കാലത്ത് ലൈംഗിക വ്യാപാരവും ഓൺലൈനായതിന് പുറമെ കേരളത്തിൽ തട്ടിപ്പ് സംഘങ്ങളുടെ സെക്സ് ചാറ്റ് വഴിയുള്ള ബ്ലാക്ക് മെയിലിങ്ങും സജീവം. ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളും അജ്ഞാത പ്രൊഫൈലുകളും ആണ് ഇതിന് വഴിയൊരുക്കുന്നത്. ഭീഷണിക്ക് ഇരയാകുന്നവർ നിരവധിയാണെങ്കിലും, പരാതി പറയാൻ പോലും ആരും തയാറാകാത്തതാണ് തട്ടിപ്പുകാർക്ക് സഹായകമാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ഇന്നലെ പുറത്തുവിട്ട ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ചുള്ള അതേരീതിയാണ് ഫേസ്ബുക്കിലും. അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന നമ്പരുകളിലേക്ക് ആദ്യം പണം പിന്നീട് വീഡിയോകോൾ. രണ്ട് പേർ തമ്മിലുള്ള പങ്കുവെയ്ക്കലുകളായി വെറുതെ വിടാവുന്ന തരത്തിലല്ല എല്ലാ ഓൺലൈൻ ലൈംഗിക വ്യാപാരവും നടക്കുന്നത് എന്നിടത്ത് ചിത്രം മാറുന്നു. തിരികെ തങ്ങളുടെ കൈയിലെത്തുന്ന ദൃശ്യങ്ങളും വിവരങ്ങളുമുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങ് ആണ് അധികവും. അതും അജ്ഞാത പ്രൊഫൈലുകൾ വഴി.

സെക്സ് ചാറ്റ് കെണിയിൽ പെട്ട് പണം പോവുകയും ഭീഷണി നേരിടുകയും ചെയ്ത അനേകം പേരെ ഞങ്ങൾ കണ്ടെത്തി. വിവരം പുറത്താവുന്നത് ഭയന്ന് ആരും സംസാരിക്കാൻ തയാറായില്ല. ഒടുവിൽ വാട്സാപ്പ് ചാറ്റിന് തയാറായ ആൾ പറഞ്ഞതിങ്ങനെ. 2000 രൂപ കിട്ടിയാൽ ഫോൺ നമ്പരും വിവരങ്ങളും നൽകാമെന്ന് ആദ്യം വാഗ്ദാനം. വീഡിയോ കോളിന് 3000 രൂപ വരെയാണ് ആവശ്യപ്പെടുക.

പണം നൽകിയ ശേഷം ഫോൺ നമ്പരാവശ്യപ്പെടുമ്പോൾ പണം കൂടുതൽ ചോദിക്കും. നൽകിയില്ലെങ്കിൽ ഭീഷണി. അതുവരെയുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും വിവരങ്ങളും കെണിയാകും. അപമാനം ഭയന്ന് പരാതി നൽകില്ലെന്നുറപ്പുള്ളതിനാൽ ഫോണിലും വാട്സാപ്പിലുമായി നിരന്തരം ഭീഷണി. കൈയിലുള്ള ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് പതിവ് രീതി. ഇതു ഭയന്ന് ഇരകൾ പിന്നീട് സൈബർ സപേസിൽ നിന്ന് പിൻവലിയുന്നതോടെ തട്ടിപ്പുകൾ ആരുമറിയാതെ ഒതുങ്ങുന്നു.

സ്വയം പോയി തലവെച്ചു കൊടുക്കാതിരുന്നാൽ മാനവും രക്ഷിക്കാം പോക്കറ്റും കീറാതെ നോക്കാം എന്ന് ലളിതമായി പറയാം. അതിനപ്പുറം ഈ തട്ടിപ്പ് സംഘങ്ങളെയും പ്രൊഫൈലുകളെയും കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.

click me!