റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ചു; യുവാവിനെ ശിവസേന നേതാവ് പിടികൂടി മര്‍ദിച്ചു- വീഡിയോ

By Web TeamFirst Published Feb 18, 2020, 9:24 PM IST
Highlights

ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരികയാണ്. ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അത് ചെയ്യുന്നവരുടെ കൈ ഞാന്‍ വെട്ടും' നിതിന്‍ വീഡിയോയില്‍ പറഞ്ഞു. 

മുംബൈ: നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച യുവാവിനെ ശിവസേന നേതാവ് പിടികൂടി മര്‍ദിച്ചു. മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്റ്റേഷനിലെ പാലത്തിന് മുകളില്‍വെച്ച് യുവാവ് സ്ഥിരമായി സ്ത്രീകളെ കടന്നുപിടിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനാ നേതാവ് യുവാവിനെ പിടികൂടി മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുംബൈയിലെ ശിവസേന നേതാവായ നിതിന്‍ നന്ദഗോങ്കറാണ് സ്ത്രീകളെ കടന്നുപിടിച്ച റെജ്യൂര്‍ ഹബീബുര്‍ ഖാനെ പിടികൂടിയത്. ഇവനെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞാണ് ശിവസേന നേതാവ് നിതിന്‍ യുവാവിനെ മര്‍ദിക്കുന്നത്. 'ഇനി ആരെങ്കിലും എന്റെ അമ്മമാരെയും  സഹോദരിമാരെയും ഉപദ്രവിച്ചാല്‍ അവരുടെ മതവും ജാതിയും നോക്കാതെ മര്‍ദിക്കും. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരികയാണ്. ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അത് ചെയ്യുന്നവരുടെ കൈ ഞാന്‍ വെട്ടും' നിതിന്‍ വീഡിയോയില്‍ പറഞ്ഞു. 

ഏതെങ്കിലും വിഐപികളുടെ  പെണ്‍മക്കളാണ് ഇത്തരത്തില്‍ അതിക്രമത്തിന് ഇരയായതെങ്കില്‍ പൊലീസ് പ്രതിയെ വെറുതെവിടുമോ എന്നാണ് ശിവസേന നേതാവിന്‍റെ ചോദ്യം.  ശിവസേന നേതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് സ്ത്രീകളോടെല്ലാം മാപ്പ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്ന് പിടിച്ച് ചുംബിക്കുന്ന യുവാവിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞിരുന്നു. നിരവധി  മോഷണക്കേസുകളില്‍ പ്രതിയായ ഹബീബുര്‍ ഖാനെ പോലീസ് മറ്റൊരു മോഷണക്കേസില്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തില്‍ നടപടിയുണ്ടായില്ല. ഇക്കാര്യം പറഞ്ഞ് യുവാവിനെതിരെ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് പൊലീസിന്‍റെ വാദം.

മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് പിന്നീട്  ജാമ്യത്തിലിറങ്ങുകയും ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീകളാരെങ്കിലും പരാതി നല്‍കിയാലേ ഈ സംഭവത്തില്‍ യുവാവിനെതിരേ കേസെടുക്കൂവെന്നായിരുന്നു പൊലീസിന്റെ  നിലപാട്. ഇതിനുപിന്നാലെയാണ് ഹബീബുര്‍ ഖാനെ ശിവസേന നേതാവ് പിടികൂടി മര്‍ദ്ദിച്ചത്. 

click me!