5 വർഷം, 31 തവണ പീഡനത്തിന് ഇരയായി 17-കാരി, സംരക്ഷിക്കാതെ ബാലക്ഷേമ സമിതി

By Web TeamFirst Published Jan 18, 2021, 11:06 AM IST
Highlights

13 വയസ്സു മുതൽ ലൈംഗികാതിക്രമത്തിന് ഇരയാവുകയാണ് പെൺകുട്ടി. 2016-ലും 2017-ലും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതാണ്. നാല് പേർ ചേ‍ർന്നാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിർഭയ ഹോമിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് കൈമാറിയിരുന്നു.

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോക്സോ കേസ് ഇര മുപ്പത്തിയൊന്ന് തവണ ലൈംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ പതിനേഴ് വയസ്സുകാരിയാണ് അഞ്ച് വർഷത്തിനിടെ 31 തവണ പീഡനത്തിന് ഇരയായത്. പല തവണ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് വിട്ടപ്പോഴും പീഡനങ്ങൾക്ക് ഇരയായിട്ടും ഇതൊന്നും കണക്കിലെടുക്കാതെ, വീണ്ടും അതേ നടപടി ആവർത്തിച്ചു ബാലക്ഷേമസമിതി. ഏറ്റവുമൊടുവിൽ നടത്തിയ കൗൺസിലിംഗിലാണ്, അഞ്ച് വർഷത്തിനിടെ, 31 തവണ ലൈംഗികാതിക്രമത്തിന് ഇരയായി പെൺകുട്ടിയെന്ന് വ്യക്തമായത്. 

ഇതിന് മുമ്പ് 2016-ലും 2017-ലും ബലാത്സംഗത്തിന് ഇരയായതാണ് പെൺകുട്ടി. അന്ന് നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നെങ്കിലും പിന്നീട് പെൺകുട്ടിയെ ബന്ധുക്കളുടെ അടുത്തേക്ക് തിരികെ പോകാൻ അനുവദിച്ചിരുന്നു. എന്നാൽ, പോക്സോ കേസ് ഇരകളെ സംരക്ഷിക്കുന്നതിലും കൗൺസിലിംഗ് നൽകുന്നതിലും അവരുടെ ആരോഗ്യസ്ഥിതിയും നിലവിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിലും ശിശുക്ഷേമസമിതി അംഗങ്ങൾക്കുണ്ടായ ഗുരുതരമായ വീഴ്ചകൊണ്ടാണ് പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2016-ൽ 13 വയസ്സുള്ളപ്പോഴാണ് പെൺകുട്ടി ആദ്യമായി ബലാത്സംഗത്തിന് ഇരയാകുന്നത്. നാല് പേർ ചേ‍ർന്ന് അന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് കേസെന്ന് മലപ്പുറം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇതേത്തുടർന്ന് പാണ്ടിക്കാട് പോക്സോ കേസ് റിപ്പോർട്ട് ചെയ്ത് കുട്ടിയെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റി. പിന്നാലെ ആറ് മാസത്തിനുള്ളിൽ കുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ കൃത്യം ഒരു വർഷത്തിനകം കൗൺസിലിംഗിനിടെ ഈ കുട്ടിയെ ഒരാൾ ഉപദ്രവിച്ചുവെന്ന വിവരം പുറത്തുവന്നു. ഇത് കേസായി. വീണ്ടും കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി. കുട്ടി വീട്ടിൽ സുരക്ഷിതയല്ല എന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റാൻ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ തീരുമാനിച്ചത്. 

എന്നാൽ പിന്നീട്, മാസങ്ങൾക്ക് ശേഷം പിന്നീട് വീണ്ടും കുട്ടിയെ മറ്റൊരു ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്. അവിടെ വച്ചും വീണ്ടും കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന വിവരമാണ് പിന്നീട് തുടർകൗൺസിലിംഗിൽ പുറത്തുവന്നത്. ഇതോടെയാണ് അഞ്ച് വർഷത്തെ കാലയളവിൽ 31 തവണ പല ആളുകളായി കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വിവരം കൗൺസിലർമാർക്ക് ലഭിക്കുന്നത്. ഇതേത്തുടർന്ന് ആകെ 31 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.  

ഷെൽട്ടർ ഹോമുകളിൽ നിന്നും ബന്ധുക്കൾക്ക് കൈമാറുന്ന പോക്സോ കേസ് ഇരകളെ സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉണ്ടായിട്ടുള്ളത് എന്നത് വ്യക്തമാണ്. ഇരകളെ നിരീക്ഷിക്കുന്നതിലും തുടർ കൗൺസിലിംഗ് നൽകുന്നതിലും കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ചൈൽഡ്‌ പ്രൊട്ടക്ഷൻ ഓഫീസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പോലീസ് എന്നിവർക്ക് ഗുരുതരവീഴ്ചയാണുണ്ടായിട്ടുള്ളത്. 

click me!