
ഗുരുഗ്രാം: സിനിമാക്കഥകളെ വെല്ലുന്ന ദൃശ്യങ്ങളാണ് ഗുരുഗ്രാമിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. നടുറോഡിൽ ചോരയുറയുന്ന വാഹന വേട്ട! പാഞ്ഞടുക്കുന്ന എസ്‌യുവികൾ പരസ്പരം ഇടിച്ചുതെറിപ്പിക്കുകയാണ്. ബദ്ധശത്രുക്കളല്ല, ഒരുമിച്ചു നടന്ന സുഹൃത്തുക്കൾ തന്നെയാണ് ഈ ഭ്രാന്തമായ 'റോഡ് റേജി'ലെ നായകന്മാർ! കണ്ടുനിന്ന നാട്ടുകാരെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ആ പകപോക്കൽ. ജീവനെടുക്കാൻ പോന്ന ഈ പരാക്രമങ്ങൾക്കൊടുവിൽ യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിച്ചത്? നോക്കാംസുഹൃത്തുക്കൾ തമ്മിലുള്ള ചെറിയൊരു വാക്കുതർക്കം അവസാനിച്ചത് നടുറോഡിൽ സിനിമകളെ വെല്ലുന്ന വാഹന വേട്ടയിലും കൂട്ടയിടിയിലുമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ ഞെട്ടിക്കുന്ന 'റോഡ് റേജിന്റെ' ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. രണ്ട് മഹീന്ദ്ര സ്കോർപിയോ എസ്‌യുവികളിലെത്തിയ സുഹൃത്തുക്കൾ നടുറോഡിൽ വാഹനങ്ങൾ പരസ്പരം ഇടിപ്പിച്ച് കലിപ്പ് തീർക്കുന്നതാണ് വീഡിയോയിലുള്ളത്.
ഗുരുഗ്രാമിലെ ധൻവാപൂർ പ്രദേശത്തെ തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. കറുത്ത നിറത്തിലുള്ള രണ്ട് സ്കോർപിയോ കാറുകളിലായിരുന്നു ഇവർ എത്തിയത്. ഇരുവരും ഒരേ നാട്ടുകാരായ അടുത്ത സുഹൃത്തുക്കളാണ്. വ്യക്തിപരമായ ചില കാര്യങ്ങളെ ചൊല്ലി ഇവർക്കിടയിലുണ്ടായ വാക്കുതർക്കം പെട്ടെന്ന് തന്നെ വലിയൊരു സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തർക്കത്തിന് ശേഷം ദേഷ്യത്തിൽ വാഹനമെടുത്ത് പോയ ഒരാളുടെ കാറിലേക്ക് മറ്റൊരാൾ വാഹനം ഇടിപ്പിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ ഈ കാറുകൾ പലതവണ നേർക്കുനേരും വശങ്ങളിലും അതിവേഗത്തിൽ വന്നിടിക്കുന്നത് കാണാം. ഇതിനിടയിൽ ഒരാൾ വാഹനത്തിൽ നിന്നിറങ്ങി കല്ലുമായി മറ്റേയാളെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമാവുകയും വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ രാജേന്ദ്ര പാർക്ക് പൊലീസ് ഇടപെടുകയും ഇരുവരേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും സുഹൃത്തുക്കളാണെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചുപോയതാണെന്നും വാർഡ് കൗൺസിലറായ ദിനേശ് ദാഹിയ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
തുടർന്ന് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇരുവരും പരസ്യമായി മാപ്പപേക്ഷിച്ചു. രേഖാമൂലമുള്ള ഒത്തുതീർപ്പ് കരാറിൽ ഇരു കുടുംബങ്ങളും ഒപ്പുവെച്ചതോടെ, ആരും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ ഇവരെ വിട്ടയക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. റോഡിലൂടെ പോകുന്ന മറ്റ് നിരപരാധികളായ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിച്ച ഇവർക്കെതിരെ കർശന നടപടി വേണമെന്നാണ് നെറ്റിസൺസ് ആവശ്യപ്പെടുന്നത്. ഒത്തുതീർപ്പായതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ട്രാഫിക് പൊലീസ് സ്വമേധയാ കേസെടുക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം. സമൂഹത്തിൽ പണത്തിന്റെയും അധികാരത്തിന്റെയും ബലം കാണിക്കാനുള്ള ഇടമല്ല പൊതുനിരത്തുകൾ എന്നും പലരും അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam