പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: കുട്ടികളടക്കം നാല് പേർ അറസ്റ്റിൽ

By Web TeamFirst Published Nov 23, 2021, 12:01 AM IST
Highlights

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികളടക്കം നാല് പേർ അറസ്റ്റിൽ. പത്തും പതിനേഴും വയസുള്ള കുട്ടികളും പത്തൊൻപതുകാരനും കസ്റ്റഡിയിലുണ്ട്

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികളടക്കം നാല് പേർ അറസ്റ്റിൽ. പത്തും പതിനേഴും വയസുള്ള കുട്ടികളും പത്തൊൻപതുകാരനും കസ്റ്റഡിയിലുണ്ട്. ഇന്നലെ പുലർച്ചെ പട്രോളിംഗിനിടെ മോഷണം തടയാൻ ശ്രമിച്ച നവൽപേട്ട് സ്റ്റേഷൻ എസ്ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.

മോഷ്ടാക്കളെ പിന്തുടർന്നെത്തിയ ഭൂമിനാഥനെ പുതുക്കോട്ട തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവേ ഗേറ്റിന് സമീപം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരുച്ചിറപ്പള്ളി മുതൽ പുതുക്കോട്ട വരെയുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്നലുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നാലുപേർ പിടിയിലായത്. പുതുക്കോട്ട സ്വദേശിയായ മണികണ്ഠൻ, പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

സംശയാസ്പദമായ സാഹചര്യത്തിലാണ് അറസ്റ്റെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യാനായി ഇവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. അവിടെ നിന്നും കേസ് അന്വേഷിക്കുന്ന കീരനല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ എത്തിച്ചേക്കും. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കൊലപാതകം. 

ബൈക്കിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് ഭൂമിനാഥൻ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. നിർത്താതെ പോയ ഇവരിൽ രണ്ടുപേരെ ഭൂമിനാഥൻ പിന്തുടർന്ന് പിടികൂടി. അൽപ്പസമയത്തിനകം ഒപ്പമുള്ളവർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. പിടിയിലായവരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയതായാണ് വിവരം.

click me!