
തൂത്തുക്കുടി: തമിഴ്നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി. തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച് പൊലീസ് ശാസിച്ചതിലെ വൈരാഗ്യത്തിലാണ് ലോറി ഡ്രൈവര്‍ എസ്ഐ യെ കൊന്നത്.
തൂത്തുക്കുടി സ്വദേശിയും ലോറി ഡ്രൈവറുമായ മുരുകവയലും പൊലീസും തമ്മില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കടയുടമയുമായായിരുന്നു ആദ്യം തര്‍ക്കം. ഇരുവരും തമില്‍ അടിപിടിയിലേക്ക് എത്തിയതോടെ പൊലീസെത്തി അനുനയത്തിന് ശ്രമിച്ചു. അമിതമായി മദ്യപിച്ചിരുന്ന മുരുകവയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മാപ്പ് എഴുതി വാങ്ങിച്ച് വിട്ടയച്ചു.
രാത്രി പട്രോളിങ്ങിനിടെ ലോറിയുമായി മുരുകവല്‍ വീണ്ടും പൊലീസിന് മുന്നില്‍പ്പെട്ടു. ലോറിയുടെ താക്കോല്‍ എസ്ഐ ബാലു വാങ്ങിയെടുത്തു. രാവിലെ സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മുരുകവയലിനെ എസ്ഐ ശാസിക്കുകയും ചെയ്തു.
ബൈക്കിലെത്തിയ എസ്ഐയും കോണ്‍സ്റ്റബിളും മടങ്ങിയതിന് പിന്നാലെ മറ്റൊരു ലോറിയില്‍ മുരുകവയല്‍ എസ്ഐയെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ട പ്രദേശത്ത് വച്ച് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എസ്ഐയുടെ ശരീരത്തിലൂടെ ലോറി കയറ്റി. സംഭവസ്ഥലത്ത് വച്ച് തന്നെ എസ്ഐ മരിച്ചു.
കൂടെയുണ്ടായിരുന്നു പൊലീസുകാരന്‍റെ കാലിന് പൊട്ടലുണ്ടായി. കൊലപാതകത്തിന് പിന്നാലെ മുരുകവയല്‍ ഒളിവിലാണ്. അമിത മദ്യപാനം കാരണം മുരുരകവയല്‍ കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എസ്ഐ ബാലുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam