
കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്‍റെ ക്രൂര മര്‍ദ്ദനമേറ്റ ( Brutal beating ) വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മദ്യലഹരിയിലായ മകനില്‍ നിന്ന് മൃഗീയ മര്‍ദ്ദനം ഏൽക്കേണ്ടി വന്നിട്ടും മകനുവേണ്ടി സംസാരിക്കുന്ന അമ്മയാണ് ഇന്നത്തെ നൊമ്പരക്കാഴ്ച. മകനെതിരെ കേസെടുക്കരുതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ മര്‍ദ്ദന ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മകനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
84 വയസുളള ഓമനയെയാണ് സ്വന്തം മകന്‍ ഓമനക്കുട്ടന്‍ മൃഗീയമായി ആക്രമിച്ചത്. കൈകൊണ്ട് പൊതിരെ തല്ലി. കമ്പു കൊണ്ട് അടിച്ചു.കുത്തി. കരഞ്ഞു നിലവിളിയ്ക്കുന്ന അമ്മയുടെ കൈകള്‍ തിരിച്ചൊടിക്കാന്‍ മകന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്മയെ രക്ഷിക്കാനെത്തിയ മറ്റൊരു മകന്‍ ബാബുവിനെയും ഓമക്കുട്ടന്‍ തല്ലിയോടിച്ചു.
മദ്യലഹരിയില്‍ ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദനം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ കൊണ്ടുവന്നു വച്ച പണം അമ്മ എടുത്തു മാറ്റിയെന്ന് പറഞ്ഞായിരുന്നു ഇന്നലത്തെ മര്‍ദ്ദനം. അയല്‍വാസിയായ വിദ്യാര്‍ഥിയാണ് ഇന്നലെ വൈകുന്നേരം അരങ്ങേറിയ ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍ മകന് ആരോ മദ്യം നല്‍കിയപ്പോള്‍ നിയന്ത്രണം വിട്ടതാകാമെന്നും മകന്‍ തന്നെ ഒരു അടി മാത്രമാണ് അടിച്ചതെന്നും ഉളള മൊഴിയാണ് പൊലീസിന് ഓമനയമ്മ നല്‍കിയത്. മകനെതിരെ കേസെടുക്കരുതെന്നും ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് അമ്മ ആവശ്യപ്പെട്ടു. മകനെ തളളിപ്പറയാന്‍ അമ്മ തയാറായില്ലെങ്കിലും ദൃശ്യങ്ങളും ഓമനയുടെ ശരീരത്തിലെ പരുക്കുകളും കണക്കിലെടുത്ത് അക്രമിയായ ഓമനക്കുട്ടനെതിരെ വധശ്രമ കേസ് ചുമത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ. നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തെയും സമാനമായ രീതിയിൽ മർദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാൻ ശ്രമിക്കുമ്പോൾ മർദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറഞ്ഞു.
ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് മകനെ മറന്നു, കുട്ടിയെ കണ്ടെത്തി പൊലീസ്
ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നുവച്ചു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ ഭയന്ന് വിറച്ച് അമ്മ. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ മറന്നുപോയത്. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോകുകയായിരുന്നു. പോയ പോക്കിൽ ഇയാൾ കുട്ടിയെയും കൂട്ടി. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം മറന്ന ഇയാൾ തിരിച്ച് പോരുമ്പോൾ മകനെ കൂട്ടിയില്ല.
തന്നെ കാണാൻ ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി. ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. ഒന്നര മണിക്കൂറോളമാണ് കുട്ടി ബന്ധുക്കളെ തേടി അലഞ്ഞത്.