
തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയില്‍ പിടിയിലായ മൂന്ന് പ്രതികളെയും എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ പാര്‍ട്ടി നടന്ന പൂവാറിലെ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. പാർട്ടിയുടെ സംഘാടകരായിരുന്ന അക്ഷയ് മോഹൻ, അഷ്ക്കർ, പീറ്റർഷാൻ എന്നിവരെ ഇന്ന് പൂവാറിലെ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇവരെ കസ്റ്റഡിയില്‍ വിട്ട് കിട്ടാൻ എക്സൈസ് നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ എത്ര പേരെ പങ്കെടുപ്പിച്ചു, എവിടെ നിന്ന് ലഹരി എത്തിച്ചു, നേരത്തെ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും എക്സൈസ് അന്വേഷിക്കുന്നത്. പൂവാറിലെ റിസോര്‍ട്ടിലെത്തിച്ച പ്രതികളോട് എക്സൈസ് ഇക്കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചു.മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ മുമ്പും ലഹരി മരുന്ന കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൻറോമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.മുഖ്യ പ്രതികള്‍ ഉള്‍പ്പടെ പാര്‍ട്ടിയില്‍ പങ്കെടുത്ത 19 പേരെയാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്.പാര്‍ട്ടിയില്‍ പങ്കെടുത്തവരെ സംഭവം നടന്ന് പിറ്റേ ദിവസം ജാമ്യത്തില്‍ വിട്ടിരുന്നു.ഇനി ഇവരുടെ മൊഴി പ്രത്യേകം രേഖപ്പെടുത്തും.
ഡിസംബര്‍ നാല് മുതല്‍ ആറ് വരെയാണ് പൂവാറിലെ കാരയ്ക്കോട് റിസോർട്ടില്‍ പ്രതികള്‍ ലഹരി പാര്‍ട്ടി ആസൂത്രണം ചെയ്തത്.അഞ്ചാംതീയതി എക്സൈസ് സംഘം റിസോര്‍ട്ട് വളഞ്ഞ് മാരക ലഹരി മരുന്നുള്‍പ്പടെ പ്രതികളെ പിടികൂടിയിരുന്നു. പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ നടത്തിയത് നിര്‍വാണ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്. 200 പേരെ പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കാൻ ആലോചിച്ചു. ഗൂഗിള്‍ പേ വഴി ആവശ്യക്കാര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ലഹരി വാങ്ങാൻ ഉപയോഗിച്ചു.മുപ്പത് ലക്ഷമായിരുന്നു ലഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിട്ടത്.