
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരിച്ച ആഷിർനന്ദയുടെ വീടും സ്കൂളും സന്ദർശിച്ച ശേഷമായിരുന്നു നടപടി. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ആഷിർനന്ദയുടെ രക്ഷിതാക്കളുടെ മൊഴി നാട്ടുകൽ പൊലീസ് വീട്ടിലെത്തി രേഖപ്പെടുത്തി.
മാർക്ക് കുറഞ്ഞതിന് ക്ലാസ് മാറ്റി ഇരുത്തിയതിൽ മനംനൊന്തായിരുന്നു ആഷിർനന്ദയുടെ ആത്മഹത്യ. കുടുംബത്തിന്റെ ആരോപണങ്ങൾകൂടി വന്നതോടെ നടന്നത് വൻ പ്രതിഷേധം. പിന്നാലെയായിരുന്നു ബാലാവകാശ കമ്മിഷന്റെ നേരിട്ടെത്തിയുള്ള തെളിവെടുപ്പ്. ആരോപണം നേരിടുന്ന സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. ആഷിർനന്ദയുടെ വീട്ടിലെത്തി രക്ഷിതാക്കളെ നേരിട്ടു കേട്ടു. പിതാവ് രേഖാമൂലം പരാതി നൽകി. സമാന അനുഭവങ്ങളിൽ സിബിഎസ്ഇ സ്കൂളുകൾക്കെതിരെ കമ്മിഷൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
സ്വമേധയാ കേസെടുത്ത കമ്മിഷൻ പോലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ആഷിർനന്ദയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴിയെടുത്ത് പൊലീസ്. സഹപാഠികൾ നൽകിയ ആത്മഹത്യകുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് അടുത്ത ദിവസം അയക്കും. സ്കൂളിൽ നിന്നും പുറത്താക്കിയ ആരോപണ വിധേയരായ അഞ്ച് അധ്യാപകരുടെ മൊഴിയും അടുത്ത ദിവസം തന്നെ രേഖപ്പെടുത്തും.