
വിജയ്പുര: കാമുകനൊപ്പം നിൽക്കുന്നത് പിതാവ് കണ്ടതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രകോപിതനായ പെൺകുട്ടിയുടെ പിതാവ് ആൺകുട്ടിയെ ബലപ്രയോഗത്തിലൂടെ വിഷം നൽകി കൊലപ്പെടുത്തി. കർണാടക വിജയപുരയിലാണ് സംഭവം. കൃഷ്ണ നദിക്ക് സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പിതാവിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആൺകുട്ടിയുടെ മാതാപിതാക്കൾ സെപ്റ്റംബർ 22 ന് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും വിജയപുര എസ്പി എച്ച്‌ഡി ആനന്ദ് കുമാർ പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഒടുവിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ് മോർട്ടത്തിനയച്ചു. അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവ് കുട്ടികളെ വയലിൽ വെച്ചാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനൊപ്പം നിൽക്കുന്നത് അച്ഛൻ കണ്ടതോടെ പെൺകുട്ടി ഉടൻ തന്നെ വയലിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ചു മരിച്ചു. മകൾ മരിച്ചതിൽ പ്രകോപിതനായ പെൺകുട്ടിയുടെ പിതാവ് ഒരു ബന്ധുവിന്റെ സഹായത്തോടെ ആൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട് ശേഷിച്ച കീടനാശിനി വായിലേക്കൊഴിച്ച് കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സെപ്തംബർ 22 ന് ബാഗൽകോട്ട് ജില്ലയിലെ ബിലാഗിക്ക് സമീപം കൃഷ്ണ നദിക്കരയിൽ മൃതദേഹം സംസ്കരിച്ചു.
സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവിനെയും അവരുടെ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം എവിടെയാണെന്ന് ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സുഹൃത്തിനെ കാണാനെത്തിയ ഗൂഗിള്‍ ജീവനക്കാരനെ ബന്ദിയാക്കി വിവാഹം ചെയ്യിപ്പിച്ചതായി പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam