
ബെംഗ്ലൂരു: ഹൈദരാബാദ് ദുരഭിമാന കൊല സംബന്ധിച്ച് തെലങ്കാന ഗവർണർ തമിഴസൈ സൗന്ദരരാജൻ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. പട്ടിക ജാതി കമ്മീഷൻ തെലങ്കാന സർക്കാരിനോട് വിശദീകരണം തേടി. അതേസമയം, സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ അടക്കം രണ്ട് പേര്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് യുവാവിനെ സഹോദരി വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പൊതുമധ്യത്തില്‍ വെട്ടികൊലപ്പെടുത്തിയിട്ടും ആരും സഹായത്തിന് എത്തിയില്ലെന്ന് യുവതി പ്രതികരിച്ചു.
മനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് സരോനഗറില്‍ നിന്ന് പുറത്ത് വരുന്നത്. പൊതുമധ്യത്തില്‍ സ്കൂട്ടറില്‍ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി. ഭാര്യ സയ്ദ് സുല്‍ത്താന കാലില്‍ വീണ് അപേക്ഷിച്ചിട്ടും അക്രമികള്‍ പിന്‍മാറിയില്ല. വടിവാളുമായി സുല്‍ത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. കൊലപാതകം ഫോണില്‍ ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലായിരുന്നു പൊതുജനം. ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുല്‍ത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല. 45 മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ജനങ്ങള്‍ ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ നാഗരാജിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സുല്‍ത്താനയ്ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന നാഗരാജിനെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിലായിരുന്ന സുല്‍ത്താനയുടെ സഹോദരന്‍ സയ്ദ് അഹമ്മദ്, ബന്ധു മസൂദ് അഹമ്മദ് എന്നിവര്‍ കൂടി പിടിയിലായി. ഇതോടെ, സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാഖപട്ടണത്ത് മാറി താമസിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാഗരാജിന്‍റെ വീട്ടിലേക്ക് മടങ്ങിവന്നത്.
Also Read: ഹൈദരബാദിൽ ഇതര മതസ്ഥയായ യുവതിയെ വിവാഹം ചെയ്ത യുവാവിനെ കുത്തിക്കൊന്നു -വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam