Asianet News MalayalamAsianet News Malayalam

ഹൈദരബാദിൽ ഇതര മതസ്ഥയായ യുവതിയെ വിവാഹം ചെയ്ത യുവാവിനെ കുത്തിക്കൊന്നു -വീഡിയോ

യുവതിയുടെ കുടുംബത്തിലെ രണ്ട് പേർ ബി നാഗരാജുവിനെയും ഭാര്യ അഷ്റിൻ സുൽത്താനയെയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം.

Interfaith couple attacked in Telangana, youth dies
Author
Hyderabad, First Published May 5, 2022, 5:26 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ മിശ്രവിവാഹിതരായ ദമ്പതികൾക്കെതിരെ വധുവിന്റെ വീട്ടുകാരുടെ ആക്രമത്തിൽ വരൻ കൊല്ലപ്പെട്ടു. യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും കുത്തിയും കൊലപ്പെടുത്തി. തെലങ്കാനയിലെ മാർപള്ളി സ്വദേശികളാണ് ദമ്പതികൾ. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 25കാരനായ ബി നാ​ഗരാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ അഷ്റിൻ സുൽത്താനക്ക് (23) പരിക്കേറ്റു. ഹൈദരാബാദിലെ സരൂർനഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപമാണ് കൊലപാതകം നടന്നത്. 

യുവതിയുടെ കുടുംബത്തിലെ രണ്ട് പേർ ബി നാഗരാജുവിനെയും ഭാര്യ അഷ്റിൻ സുൽത്താനയെയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. തുടർന്ന് അക്രമികളിലൊരാൾ കത്തിയെടുത്ത് നാഗരാജുവിനെ പലതവണ കുത്തി. നാ​ഗരാജു സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾ ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 

മാർപ്പള്ളി സ്വ​ദേശികളായ നാ​ഗരാജുവും അഷ്റിനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ ശക്തമായി എതിർക്കുകയും പരസ്പരം കാണുന്നത് പോലും വിലക്കുകയും ചെയ്തു. വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച്  ജനുവരി 31 ന് ആര്യസമാജത്തിൽ ഇരുവരും വിവാഹിതരായി. യുവതിയുടെ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് ഇരുവരും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് താമസം മാറ്റി. ഒരാഴ്ച മുമ്പാണ് ഇവർ ഹൈദരാബാദിലെത്തി വാടകയ്ക്ക് വീട് എടുത്ത് താമസം തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. 

 

ജിഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ

അഹമ്മദാബാദ്: മെഹ്സാനയിൽ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജി​ഗ്നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000 രൂപ പിഴയും ഒടുക്കാൻ കോടതി വിധിച്ചത്. ജിഗ്നേഷ് മേവാനി ഉൾപ്പെടെ 10 പേരെയാണ് മെഹ്സാനയിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിൽ ആകെ 12 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഒരാൾ മരിച്ചു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ബനസ്കന്ത ജില്ലയിലെ മെഹ്സാന മുതൽ ധനേറ വരെയായിരുന്നു മാർച്ച് നടത്തിയത്. ഗുജറാത്തിലെ ഉനയിൽ ഗോവധം ആരോപിച്ച് 5 ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിന്‍റെ വാർഷിക ദിനത്തിലായിരുന്നു മേവാനിയുടെ നേതൃത്വത്തിലുള്ള ആസാദി മാർച്ച്.

റാലി നടത്തിയതിന്റെ പേരിലല്ല, മറിച്ച് മതിയായ അനുമതി ഇല്ലാതെ റാലി നടത്തിയതിനാണ് പ്രതികളെ  ശിക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. നിയമലഘനം പൊറുക്കാനാകില്ല എന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ടവരിൽ എൻസിപി നേതാവ് രേഷ്മ പട്ടേലും ഉണ്ട്. പ്രധാനമന്ത്രിക്കെതിരായ  ട്വീറ്റിന്‍റെ പേരിൽ അസം പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് വലിയ വിവാദം ആയിരുന്നു. ജാമ്യം കിട്ടി ഗുജറാത്തിൽ തിരികെയെത്തിയതിന് പിന്നാലെയാണ്  മറ്റൊരു കേസിൽ മേവാനി ശിക്ഷിക്കപ്പെടുന്നത്. 

 

Follow Us:
Download App:
  • android
  • ios