
മാന്നാർ: പരുമല തിക്കപ്പുഴയിൽ വൻ മോഷണം. ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാർ പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിൻറെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ വിളക്കുകളും, ഉരുളിയും മോഷ്ടാക്കള്‍ അപഹരിച്ചു. ശ്രീകോവിൽ കുത്തിതുറക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. കാണിക്കവഞ്ചിയും കുത്തിതുറക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
ഈ ക്ഷേത്രത്തിന് സമീപമുള്ള ലിജോയുടെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ബേക്കറിയിലും മോഷണം നടന്നു. ഗ്രില്ല് തകർത്ത് അകത്ത് കയറി ഷട്ടർ പൂട്ട് തകർത്ത് നാലായിരം രൂപയോളമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. മോഷ്ടാക്കൾ ഇവിടെ നിന്നും എടുത്ത് കുടിച്ച സോഫ്റ്റ് ഡ്രിംഗ്സിൻറെ ഒഴിഞ്ഞ കുപ്പികൾ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ഹരി വിജയ ബേക്കറിയിലും മോഷണം നടന്നു. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പ് ഉൾപ്പടെയാണ് മോഷ്ടിച്ചത്.
രാവിലെ കടയിലേക്കുള്ള പാലിനും മറ്റുമായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇതിന് സമീപമുള്ള സോമൻ്റെ ഉടമസ്ഥതയിലുള്ള കേരളാ സ്‌റ്റോർ എന്ന സ്ഥാപനത്തിലും മോഷണം നടന്നു. ഇവിടുത്തെ ക്യാമറയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ച് കൈകളിൽ ഉറ ധരിച്ച് പിക്കാസ് കൊണ്ട് പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്. ഇരുട്ടായതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല.
പുലർച്ചേ ഒരു മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. ഇതിന് മുൻപും തിക്കപ്പുഴയിലെ കടകളിൽ മോഷണം നടന്നിട്ടുണ്ട്. പുളിക്കീഴ് പോലീസ് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam