കോടീശ്വരനായ കള്ളൻ പാദസരം മോഷ്ടിക്കുന്നതിനിടെ കാസർഗോഡ് പിടിയിൽ, ഒരു കിലോമീറ്റർ ഓടിയിട്ടും രക്ഷപ്പെട്ടില്ല

By Web TeamFirst Published Sep 6, 2022, 8:53 AM IST
Highlights

പാലക്കാട് രണ്ടിടങ്ങളിലായി ഒന്നരക്കോടിയുടെ രണ്ട് വീടുകൾക്ക് ഉടമയാണ് കള്ളനെന്നാണ് വിവരം...

കാഞ്ഞങ്ങാട് (കാസർഗോഡ്) : കുപ്രസിദ്ധ മോഷ്ടാവ് നൌഷാദിനെ മോഷണ ശ്രമത്തിനിടെ പിടികൂടി കാസർഗോഡ് കാഞ്ഞങ്ങാട്ടെ നാട്ടുകാർ. പുലർച്ചെ കാഞ്ഞങ്ങാട്ടെ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന ജലാൽ മൊയ്‌തീന്റെ വീട്ടിൽ കയറി മോഷണം നടത്തുന്നതിനിടെയാണ് 40 കാരനായ നൌഷാദ് പിടിയിലാകുന്നത്. ഇന്നലെ പുലർച്ചെ 3.30 നാണ് സംഭവം നടന്നത്. 

മോയ്തീന്റെ മകളുടെ കാലിലെ പാദസരം ഊരിയെടുക്കുന്നതിനിടെ അറിയുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് മോഷണം വീട്ടുകാരറിയുന്നത്. ബഹളമായതോടെ നൌഷാദ് പുറത്തേക്കോടി. അപ്പോഴേക്കും മൊയ്തീനും മക്കളും പിന്നാലെയോടി. ഒരു കിലോമീറ്റർ ദൂരം പിന്നാലെയോടിയാണ് കുപ്രസിദ്ധ മോഷ്ടാവും പാലക്കാട് ജില്ലയിൽ ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയുമായ ചെർപ്പുളശ്ശേരി ഏഴുവൻഞ്ചിറ ചക്കിങ്ങൽത്തൊടി നൗഷാദിനെ പിടികൂടിയത്. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് പെരുമാറിയാണ് ഇയാളെ പൊലീസിന് കൈമാറിയത്. ഇയാളിപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

നൌഷാദ് ധരിച്ചിരുന്ന ഗ്ലൌസിൽ നിന്ന് അഞ്ച് പവൻറെ പാദസരം കണ്ടെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ മോഷണത്തിനാവശ്യമായ കമ്പിപ്പാര, ഉളി മുതലായ ആയുധങ്ങളും ഉണ്ടായിരുന്നു. പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. സുഖം പ്രാപിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. 

ഗ്ലൌസ് ധരിച്ചാണ് നൌഷാദ്  മോഷണം നടത്തുക. മോഷണ സ്ഥലത്ത് വിരലടയാളം പതിയാതിരിക്കാനാണ് ഇയാൾ ഈ രീതി സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, പകൽ സമയങ്ങളിൽ പ്രദേശത്ത് ചുറ്റി നടക്കും. അപ്പോൾ തലയിൽ വിഗ് വെക്കുകയും രാത്രി ഈ പ്രദേശത്ത് മോഷ്ടിക്കാൻ കയറുമ്പോൾ വിഗ് ഊരി വെക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആളെ മനസ്സിലാക്കാൻ സാധിക്കില്ല. മാത്രമല്ല, മോഷണത്തിന് ശേഷം ട്രെയിനിൽ കയറി പാലക്കാട്ടേക്ക് വിടും. മൊബൈൽ ഫോണും ഇയാൾ കരുതാറില്ല. പാലക്കാട് ജില്ലയിൽ ഇയാൾക്ക് ഒന്നരക്കോടി വിവല വരുന്ന രണ്ട് വീടുകളുണ്ടെന്നുമാണ് വിവരം. 

click me!