
എറണാകുളം: തൃപ്പൂണിത്തുറയിൽ കാർ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ 4 പേരാണ് ഹിൽ പാലസ് പോലീസിന്‍റെ പിടിയിലായത്. ഇരുന്പനം പുതിയ റോഡ് ജംഗ്ഷനിൽ കാർ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശികളായ അരുൺ, മനു പ്രസാദ് ചോറ്റാനിക്കര സ്വദേശികളായ ശരത്, ജിനുരാജ് എന്നിവരാണ് പോലീസിന്‍റെ വലയിലായത്. ഈ മാസം 24ന് രാത്രി ഫോട്ടോഗ്രാഫറായ ജോർജ് വർഗീസും സുഹൃത്തും കാറിൽ അങ്കമാലിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ പ്രതികളിൽ രണ്ടു പേർ ജോർജ് വർഗീസിന്‍റെ വാഹനം തടഞ്ഞുനിർത്തി. ബൈക്കിൽ കാർ തട്ടിയെന്നും നഷ്ടപരിഹാരം തരണമെന്നും യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ചതോടെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു.
പിന്നാലെ സംഘത്തിലെ മറ്റ് രണ്ട് പേരെ കൂടി പ്രതികൾ വിളിച്ചുവരുത്തി. യാത്രക്കാരന്‍റെ പക്കലുള്ള പണം കവർന്നതിന് പുറമേ എടിഎമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച് അക്കൗണ്ടിലുള്ള നാലായിരം രൂപയും തട്ടിയെടുത്തു. സിസിടിവിയിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസിന് കണ്ടെത്താനായത്. സംഭവ സമയം പ്രതികൾ മദ്യ ലഹരിയിലായിരുന്നു. ഇവർക്ക് പിന്നിലുള്ള മറ്റ് കവർച്ച സംഘങ്ങളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam