
ഇടുക്കി: അടിമാലിയിൽ ഈറ്റക്കാട്ടിൽ ചാരായംവാറ്റിയ മൂന്ന് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ കോടയും പിടിച്ചെടുത്തു. അടിമാലി കാഞ്ഞിരവേലി സ്വദേശികളായ സരുണ്‍, ബെന്നി, ഷിജു എന്നിവരാണ് അറസ്റ്റിലായത്.
Read more: നാല് മണിക്കൂറിലേറെ കാട്ടില്‍ പരിശോധന; ഇടുക്കിയില്‍ 200 ലിറ്റർ കോട പിടികൂടി
അതിർത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവർ സംഘത്തിന്റെ വാറ്റ്. ലിറ്ററിന് ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവർ ഈടാക്കിയിരുന്നത്. ചാരായത്തിനും കോടക്കും പുറമേ ഗ്യാസ് അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
ലോക്ക് ഡൌണിനെ തുടർന്ന് മദ്യശാലകൾ പൂട്ടിയതിനാൽ ഇടുക്കിയിൽ അതിർത്തി മേഖലകളിലടക്കം വ്യാജവാറ്റ് വ്യാപകമാണ്. ഇതുവരെ 7000 ലിറ്ററിലധികം മദ്യവും കോടയുമാണ് വിവിധ മേഖലകളിൽ നിന്നായി പിടിച്ചെടുത്തത്. ജില്ലയില്‍ പരിശോധനകൾ കർശനമായി തുടരുകയാണ്.