ഇടുക്കി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. നിരത്തുകളെല്ലാം ഒഴിഞ്ഞതോടെ മൃഗങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെ തെരുവുകൾ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ ആളൊഴിഞ്ഞ മൂന്നാർ ടൗൺ സന്ദർശിച്ചിരിക്കുകയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. 

ഇന്ന് പലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്നാര്‍ ടൗണ്‍ സന്ദര്‍ശിക്കുവാന്‍ പടയപ്പ എത്തിയത്. സുര്യസോമ റസ്‌റ്റോറൻഡ് വഴി എത്തിയ പടയപ്പയെ സമീപത്തെ ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാര്‍ പേരു വിളിച്ചെങ്കിലും ഗാഭീരം കളയാതെ ആരെയും നോക്കാതെ അവന്‍ ടൗണിലേക്ക് നീങ്ങി.

മൂന്നാര്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് അല്‍പനേരം ചിലവഴിച്ചെങ്കിലും മാര്‍ക്കറ്റില്‍ പ്രവേശിക്കാത്തതിനാല്‍ കച്ചവടക്കാര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാർ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ജനവാസം ഏറേയുള്ള മേഘലകള്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്. 

ഇതോടെയാണ് പടയപ്പ ഇത്തരം മേഘലകളില്‍കൂടി ഭയമില്ലാതെ നൈറ്റ് സവാരിക്ക് ഇറങ്ങിയത്. മൂന്നാര്‍ കോളനി, ടൗണ്‍, നല്ലതണ്ണി, വിവിധ എസ്‌റ്റേറ്റുകള്‍ എന്നിവിടങ്ങളിൽ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ മൂന്നാര്‍ ഫോറസ്റ്റ് ഓഫീസിന് സമീപത്തെത്തിയ പടയപ്പ പുലര്‍ച്ചയോടെയാണ് ടൗണിലെത്തിയത്.
"